പാലാ : വള്ളീച്ചിറ ഇടനാട്ട് കാവ് ഭഗവതിക്ഷേത്രത്തിൽ ശാസ്താവിന്റെയും ദുർഗ്ഗാദേവിയുടെയും പുനപ്രതിഷ്ഠാ ചടങ്ങുകൾ 21 മുതൽ 23 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ സന്തോഷ് ഗംഗോത്രി, എ.കെ. ശശികുമാർ, രഞ്ജിത്ത് വള്ളായിൽ, അനിൽകുമാർ എന്നിവർ അറിയിച്ചു. 21ന് രാവിലെ 6.30 ന് ഗണപതിഹോമം, വൈകിട്ട് 4 ന് നാരായണീയ അക്ഷരശ്ലോക സദസ്, രാത്രി 7.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകൻ അലി അക്ബർ മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ശിൽപ്പികളെ വി.എൻ. ശശി വാകയിൽ, പി.എസ്. രമേശ് കുമാർ എന്നിവർ ആദരിക്കും. ശ്രീരാഗം രാമചന്ദ്രൻ, കെ.പി. ശിവദാസ്, എം.പി നാരായണൻ നായർ, എ.കെ സരസ്വതിയമ്മ, ജയചന്ദ്രൻ കോലത്ത്, രാമൻ ചീരകുന്നത്ത്,മോഹനൻ കോഴിമലയിൽ തുടങ്ങിയവർ സംസാരിക്കും. സന്തോഷ് ഗംഗോത്രി അദ്ധ്യക്ഷത വഹിക്കും.
22ന് രാവിലെ 6.30 മുതൽ ബിംബശുദ്ധി കലശപൂജകൾ, 9ന് അനുജ്ഞാപൂജകൾ, ജീവകലശപൂജകൾ, 10ന് ബ്രഹ്മകലശാഭിഷേകം, വൈകിട്ട് 5 മുതൽ അധിവാസഹോമങ്ങൾ.
23ന് ഉച്ചയ്ക്ക് 11.57നും 12.19നും മദ്ധ്യേ ദുർഗാദേവിയുടെയും ശാസ്താവിന്റെയും പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. 1 മുതൽ പ്രസാദമൂട്ടുമുണ്ട്. അതിപുരാതനമായ ഇടനാട്ട് കാവ് ഭഗവതിക്ഷേത്രം ഒരുവർഷം രണ്ടുത്സവങ്ങൾ ആഘോഷിക്കുന്ന അപൂർവംക്ഷേത്രങ്ങളിൽ ഒന്നാണ്.