ഉദയനാപുരം: വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി ജനം പരക്കം പായുമ്പോൾ വറ്റാത്ത ഉറവയുടെ അക്ഷയപാത്രവുമായി ഇതാ ഒരു കുഴൽക്കിണർ നാല് പതിറ്റാണ്ടായി വെള്ളം ചോരിയുന്നു. ഉദയനാപുരം പഞ്ചായത്തിലെ നേരെ കടവിൽ നേരേ മംഗലത്ത് ഡോ.രാജശേഖരന്റെ പുരയിടത്തിൽ കൃഷി വകുപ്പിന് സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് കൃഷി വകുപ്പിന്റെ ആവശ്യപ്രകാരം 40 വർഷങ്ങൾക്ക് മുൻപ് കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പണി കഴിപ്പിച്ചതാണ് ഈ കുഴൽ കിണർ. കുടിവെള്ളത്തിന് കാര്യമായ ക്ഷാമമില്ലാത്ത അന്നത്തെ കാലഘട്ടത്തിൽ പോലോത്തി കവലയുടെ പടിഞ്ഞാറൻമേഖലയിയുള്ള പള്ളത്തു പാടശേഖരത്തിൽ ഏക്കറുകണക്കിന് നെൽകൃഷിക്ക് ജലസേചനം നടത്തുന്നതിനാണ് കുഴൽ കിണർ സ്ഥാപിച്ചത്. 250 അടി താഴ്ചയിൽ രണ്ടര അടി വ്യാസമുള്ള കിണർ വടക്കെ ഇന്ത്യയിൽ നിന്നും എത്തിയ പ്രഗൽഭരായ തൊഴിലാളികളാണ് ഒരു മാസംകൊണ്ട്‌നിർമ്മിച്ചത്. ഈ കുഴൽകിണറിൽ നിന്നും മോട്ടോർ ഉപയോഗിച്ച് 15 ദിവസം തുടർച്ചയായി വെള്ളം പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിച്ചിരുന്നു. ഈ കിണർ സംരക്ഷിച്ച് ഇതിലെ ശുദ്ധജലം ഫലപ്രദമായി വിനിയോഗിച്ചാൽ ഉദയനാപുരം പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു .പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ ഇതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.