food

കോട്ടയം: പഫ്‌സ് അടക്കമുള്ള ബേക്കറി വിഭവങ്ങൾക്കായി ജില്ലയിൽ വൻ തോതിൽ സുനാമി ഇറച്ചി എത്തുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. അറുക്കുന്ന മാടുകളുടെ ഉപയോഗ ശൂന്യമായ ഭാഗങ്ങളാണ് സുനാമി ഇറച്ചിയെന്നറിയപ്പെടുന്നത്.

ജില്ലയിൽ സർക്കാർ അംഗീകാരമുള്ള സ്‌ളോട്ടർ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാൽ സ്വകാര്യ വ്യക്തികൾ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറുക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്.

തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും പാടശേഖരങ്ങളിൽ ഉഴുന്നതിനും, വണ്ടികാളകളായും ഉപയോഗിക്കുന്ന മാടുകളെയാണ് പ്രായമാകുമ്പോൾ അറവിനായി നൽകുന്നത്. ഇത്തരത്തിൽ ഉഴുന്നതിന് ഉപയോഗിക്കുന്ന മാടുകളുടെ തുട ഭാഗത്ത് അടിയേറ്റ് രക്തം ചത്തു കിടക്കാറുണ്ട്. ഇത്തരത്തിലുള്ള ഭാഗങ്ങളും, കരളും ആഹാരമാക്കാറില്ല. എന്നാൽ ഇവയാണ് പലഹാരങ്ങൾ ഉണ്ടാക്കാനായി വൻ തോതിൽ ജില്ലയിലേയ്‌ക്ക് എത്തിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. രക്‌തം കല്ലിച്ചു കിടക്കുന്ന ശരീരഭാഗം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യ വിഭാഗം പറയുന്നു.

കോട്ടയം നഗരസഭയിലെ സ്‌ളോട്ടർ ഹൗസ് മാർച്ച് അവസാനം പൂട്ടിയതാണ്. ഇതിനു ശേഷം സ്വകാര്യ സ്‌ളോട്ടർ ഹൗസുകളിൽ നിന്നുള്ള മാംസമാണ് നഗരത്തിലെ ഹോട്ടലുകളിൽ എത്തുന്നത്. ഈ മാംസത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല.

25പേർ ആശുപത്രിയിൽ

പഫ്സ് അടക്കമുള്ള പലഹാരങ്ങൾ കഴിച്ച് വയറിളക്കവും ഛർദിയും പിടിപ്പെട്ട് ജില്ലയിലെ വിവിധ ആശുപത്രികളിൽ രണ്ടാഴ്‌ചയ്‌ക്കിടെ 25 പേരാണ് ചികിത്സ തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിഭാഗം ബേക്കറികളിൽ എത്തുന്ന മാംസത്തിന്റെ ഉറവിടം സംബന്ധിച്ചു സംശയം ഉന്നയിച്ചത്. എന്നാൽ, സുനാമി ഇറച്ചി ജില്ലയിൽ എത്തിയതായുള്ള റിപ്പോർട്ട് പുറത്ത് വന്നിട്ടും യാതൊരു വിധ പരിശോധനകളും ഭക്ഷ്യസുരക്ഷാ വിഭാഗമോ, ആരോഗ്യ വകുപ്പോ നടത്തിയിട്ടില്ല.

ശ്രദ്ധയിൽപ്പെട്ടിട്ടില്ല

ബേക്കറി പലഹാരങ്ങൾ കഴിച്ച് ആളുകൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതായുള്ള റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സുനാമി ഇറച്ചി ജില്ലയിൽ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടില്ല. ഇതു സംബന്ധിച്ചു ഉടൻ പരിശോധന നടത്തും. ആവശ്യമായ നടപടി സ്വീകരിക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ