ചങ്ങനാശേരി: സെക്കൻഡറി, ഹയർ സെക്കൻഡറി ഏകോപനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഖാദർ കമ്മിഷൻ ശുപാർശകൾ പൊതുവിദ്യാഭ്യാസമേഖലയെ തകർക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പുനർചിന്തനം നടത്തണമെന്നും അദ്ദേഹം പ്രസ്ഥാവനയിൽ പറഞ്ഞു.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കുന്നതിന് അവസരം ഒരുക്കുന്ന ഹയർ സെക്കൻഡറി മേഖല പ്രത്യേകമായിതന്നെ പരിഗണിക്കേണ്ട വിഭാഗമാണ്. കുട്ടികളുടെ വളർച്ചയെയും മാനസികവികാസത്തെയും സംബന്ധിച്ച നിലവിലുള്ള ധാരണകളെ പരിഗണിക്കാതെയാണ് ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ ഘടനാപരിഷ്‌കരണ ശുപാർശകൾ. ഏകീകരണത്തെ തുടർന്ന് വരാവുന്ന പാഠ്യപദ്ധതി ലഘൂകരണം ദേശീയതല മത്സരപ്പരീക്ഷകളിൽനിന്ന് വിദ്യാർത്ഥികളെ പിന്തള്ളുമെന്ന് ആശങ്കയുണ്ട്. പൊതുവിദ്യാലയങ്ങളിൽനിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിന് ഇത് കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്ന അധികാര കേന്ദ്രീകരണം സെക്കൻഡറി, ഹയർ സെക്കൻഡറി ജീവനക്കാരെ പലതട്ടുകളിലാക്കും. ഇത് അധികാരത്തർക്കങ്ങളിലേക്കും സീനിയോറിറ്റി തർക്കങ്ങളിലേക്കും കോടതി വ്യവഹാരങ്ങളിലേക്കും നയിക്കും. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറപിടിച്ചുകൊണ്ട് കേരളസർക്കാർ ഏകപക്ഷീയമായി ഇത്തരത്തിൽ ഒരു റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല.