kudivellam

തലയോലപ്പറമ്പ്: പ്രദേശവാസികൾ ശുദ്ധജലത്തിനായി പരക്കം പായുമ്പോൾ തലയോലപ്പറമ്പ് പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ഇടങ്ങളിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളത്തിന് കൈയ്യും കണക്കുമില്ല. മറവൻതുരുത്ത് പഞ്ചായത്തിലെ പഞ്ഞി പാലത്തിനുസമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് ആർക്കും ഇല്ലാതെ പാഴാകുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് രണ്ടുതവണ തകരാർ താൽക്കാലികമായി പരിഹരിച്ചെങ്കിലും പൊട്ടിയ ഭാഗം ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൊട്ടി ഇപ്പോൾ പൂർവാധികം ശക്തിയോടെ കുടിവെള്ളം പാഴായി കൊണ്ടിരിക്കുകയാണ്. തലയോലപ്പറമ്പ് പഞ്ചായത്തിൽ മാത്രം എട്ടോളം ഇടങ്ങളിലാണ് ജലവിതരണ പൈപ്പ് പൊട്ടിയിരിക്കുന്നത്. തലയോലപ്പറമ്പ് സമ്പൂർണ്ണ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പുതിയതായി പൈപ്പ് ലൈൻ പൊട്ടി.ഏതാനും ദിവസങ്ങൾക്ക് മുമ്പ് പമ്പിംഗ് ആരംഭിച്ച ലൈനാണ് കഴിഞ്ഞ ദിവസം പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നത്. മുൻപ് പൊട്ടിയിരുന്നപ്പോൾ കാലഹരണപ്പെട്ടവ ആയതു കൊണ്ടാണെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ജോയിന്റ് ഭാഗത്തെ ലീക്കാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് പറയുന്നത്. പൊട്ടിയ വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തലപ്പാറ, ഇല്ലിത്തോട് പള്ളിക്കവല ,ബസ് സ്റ്റാൻഡ് റോഡ്, സബ് രജിസ്ട്രാർ ഓഫീസിന് സമീപം വൈക്കം മുഹമ്മദ് ബഷീർ സ്‌കൂൾ ഗ്രൗണ്ടിന് മുൻവശം എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നത്. വെള്ളം ശക്തിയായി ചീറ്റിയതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് കാനയുടെ ഭാഗമായി തീർത്ത കോൺക്രീറ്റ് ഇളകി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പൊതു ടാപ്പുകളിൽ നിന്നും വെള്ളം സ്വകാര്യ വ്യക്തികൾ വീടുകളിലേക്ക് ഹോസ് ഉപയോഗിച്ച് വലിച്ച് കൂറ്റൻ ടാങ്കുകളിലേക്കും കിണറുകളിലേക്കും നിറച്ച് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. തന്മൂലം പല സ്ഥലങ്ങളിലേക്കും കുടിവെള്ളം എത്താറില്ലെന്ന ആക്ഷേപം ശക്തമാണ്. പൊട്ടിയ പൈപ്പുകളുടെ തകരാർ അടിയന്തരമായി പരിഹരിച്ച് ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.