nerekadavu-palam

വൈക്കം : പ്രതിബന്ധങ്ങൾ നീങ്ങുന്നു. നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കും. നിർദ്ദിഷ്ട തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമായാണ് വേമ്പനാട്ടുകായലിന് കുറുകേ ഉദയനാപുരം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നേരേകടവ് - മാക്കേക്കടവ് പാലം നിർമ്മിക്കാൻ പദ്ധതിയിട്ടത്. 2016 ൽ തുടങ്ങിയ പാലം പണി ആദ്യഘട്ടമെത്തിയപ്പോഴേക്കും നിലച്ചു. ഇരുകരകളിലും അപ്രോച്ച് റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തടസമായത്. നേരേകടവിലേത് തുടക്കത്തിൽ തന്നെ ഏറെക്കുറെ പരിഹരിച്ചിരുന്നു. എന്നാൽ മാക്കേക്കടവിലേത് നിയമക്കുരുക്കിൽപെട്ട് നീളുകയായിരുന്നു. ഇപ്പോൾ 2013 ലെ സ്ഥലമേറ്റെടുക്കൽ നിയമമനുസരിച്ച് സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. പക്ഷേ ഈ നിയമത്തിന്റെ അനുബന്ധ നടപടിക്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം വേണ്ടി വന്നു. പഠനം നടത്തിയ ഏജൻസി ഉടൻ റിപ്പോർട്ട് സർക്കാരിന് കൈമാറും. റിപ്പോർട്ട് ലഭിച്ചാലുടൻ പാലം പണി പുനരാരംഭിക്കാൻ നടപടിയാകും. സ്ഥലമേറ്റെടുക്കൽ ജൂൺ, ജൂലൈ മാസങ്ങളോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണം നടന്നത് ഇതുവരെ....

800 മീറ്റർ നീളത്തിലും നടപ്പാതയടക്കം 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. 22 സ്പാനുകളുണ്ട്. അതിൽ മദ്ധ്യഭാഗത്തെ 47 മീറ്റർ നീളത്തിലുള്ള രണ്ട് സ്പാനുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. 35 മീറ്റർ നീളമുള്ള 20 സ്പാനുകളാണ് ബാക്കിയുള്ളത്. 100 പയലുകൾ ആവശ്യമുള്ളതിൽ 96 ഉം തീർന്നു. പാലത്തിന്റെ രണ്ടറ്റത്തുമായി 4 എണ്ണമാണ് ബാക്കിയുള്ളത്. 23 പയൽ ക്യാപുകളിൽ 21 എണ്ണം പൂർത്തിയായി. പിയറുകളും പിയർ ക്യാപുകളും ഇനി രണ്ടറ്റത്തുമുള്ളവ മാത്രമാണ് ബാക്കിയുള്ളത്.