കോട്ടയം: അടിയന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കാനുള്ള നീക്കം പൊളിക്കാൻ പി.ജെ. ജോസഫ് തുനിഞ്ഞതോടെ കേരള കോൺഗ്രസ്- എമ്മിലെ പ്രതിസന്ധി കൂടുതൽ ഗുരുതരമായി.
ചെയർമാന്റെ ചുമതലയുള്ള ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാത്തതിനാൽ ജോസ് വിഭാഗം മൂന്നിലൊന്നംഗങ്ങളുടെ ഒപ്പു ശേഖരണം നടത്തുകയാണ്. കമ്മിറ്റിയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ 'സംസ്ഥാന കമ്മിറ്റി ഇപ്പോൾ വിളിക്കേണ്ട സാഹചര്യമില്ല. സമവായത്തിലൂടെ ചെയർമാനെ തിരഞ്ഞെടുക്കാ"മെന്നാണ് ജോസഫിന്റെ നിലപാട്. സി.എഫ്. തോമസ് പാർട്ടി ലീഡറും ജോസ് കെ. മാണി വർക്കിംഗ് ചെയർമാനുമാകട്ടെയെന്ന നിർദ്ദേശം പരസ്യമായി പ്രകടിപ്പിച്ച ജോസഫ് ചെയർമാൻ സ്ഥാനത്തിന് തുറന്ന പോരിന് ഒരുങ്ങുകയാണ്.
ജോസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ റോഷി അഗസ്റ്റിനെ ഇറക്കിയായിരുന്നു ജോസഫിനെതിരെയുള്ള ഇന്നലത്തെ പോരാട്ടം. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷാഭിപ്രായം തേടണമെന്ന് വ്യക്തമാക്കിയ റോഷി സമവായത്തിനില്ല ഭൂരിപക്ഷ തീരുമാനത്തിലൂടെ വേണം ചെയർമാനെ തിരഞ്ഞെടുക്കേണ്ടതെന്ന ജോസ് കെ. മാണിയുടെ നിലപാടാണ് വ്യക്തമാക്കിയത്.
ജോസഫ് മുൻകൈയെടുത്ത് തിരുവനന്തപുരത്ത് നടത്തിയ മാണി അനുസ്മരണം ശുഷ്കമായെന്നാരോപിച്ച് ഔദ്യോഗിക വിഭാഗം ഇന്നലെ കോട്ടയത്ത് മാണി അനുസ്മരണം വീണ്ടും നടത്തിയ ദിവസം ജോസഫ് -ജോസ് വിഭാഗം ചേരി തിരിഞ്ഞ് രംഗത്തു വന്നത് ഇരുവിഭാഗവും അകന്നതിന്റെ തെളിവായി.
27ന് നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് മാണിക്കു പകരം ലീഡറെ തിരഞ്ഞെടുക്കണം. നേരത്തേ സമവായ ചർച്ചയിൽ ജോസഫ് ലീഡറാകുന്നതിൽ വിരോധമില്ല, ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജോസ് വിഭാഗം. പാർലമെന്ററി പാർട്ടി ലീഡറാകാം, സി.എഫ്. തോമസ് ചെയർമാനാകുന്നതിൽ വിരോധമില്ല. ജൂനിയറായ ജോസ് കെ. മാണിയെ അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു ജോസഫിന്റേത്. താൻ ചെയർമാനും സി.എഫ്. തോമസ് ലീഡറും ജോസ് കെ. മാണി വർക്കിംഗ് ചെയർമാനുമാകട്ടെയെന്ന പുതിയ നിർദ്ദേശം വച്ചതിലൂടെ ചെയർമാൻ സ്ഥാനമെന്ന കട്ടിൽ കണ്ട് ജോസ് കെ. മാണി പനിക്കേണ്ടെന്ന് വരികൾക്കിടയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ജോസഫ്.
മൂന്നിലൊന്നംഗങ്ങൾ ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിക്കാൻ താത്കാലിക ചെയർമാനായ ജോസഫ് നിർബന്ധിതനാകും. ജോസ് വിഭാഗമാകട്ടെ കേസ് പിൻവലിപ്പിച്ച് കമ്മിറ്റി വിളിപ്പിക്കാനുള്ള നീക്കത്തിലാണ്.