ചങ്ങനാശേരി: ഡിപ്പോയിൽ നിന്നും കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങാൻ കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നു. രണ്ടാഴ്ച മുൻപ് തുടങ്ങിയ ചങ്ങനാശേരി, തെങ്ങണ, പുതുപ്പള്ളി, മണർകാട് വഴിയുള്ള ഏറ്റുമാനൂർ ചെയിൻ സർവീസിന് നല്ല പ്രതികരണമാണ് യാത്രക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. ദിവസേന 5 ബസുകൾ 25 ട്രിപ്പുകൾ വീതം പോയിവരുന്നു. ഈ സർവീസുകളിൽ ചിലതെങ്കിലും ചീരഞ്ചിറ വഴി സംക്രാന്തി, മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി വഴി ഏറ്റുമാനൂർക്ക് എത്തുന്നവണ്ണം ക്രമീകരിക്കണമെന്ന് യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം മുൻനിറുത്തി അതിനുള്ള തയ്യാറെടുപ്പിലാണ് ഡിപ്പോ അധികൃതർ. ചങ്ങനാശേരിയിൽ നിന്നും ബൈറൂട്ടിലൂടെ കോട്ടയത്തേക്ക് പുതിയ സർവീസ് നടത്തുവാനുള്ള നിർദ്ദേശം ഡിപ്പോ അധികൃതർ ചീഫ് ഓഫീസിൽ അംഗീകാരത്തിനായി നൽകി. കുരിശുംമൂട്, ചെത്തിപ്പുഴ, ഏനാചിറ, പുളിമൂട്, പാത്താമുട്ടം, മന്ദിരം കവല, ചിങ്ങവനം, പന്നിമറ്റം, പാക്കിൽ, 15ൽ കടവ്, മണിപ്പുഴ, കോട്ടയം, നാഗമ്പടം ബസ് സ്റ്റാന്റ് ചെയിൻ സർവ്വീസായി നടത്താനാണ് ആലോചന. 5 ബസുകൾ ഇതിനുവേണ്ടി ആവശ്യമായിവരും. 5 ബസുകളിലായി 20 ട്രിപ്പുകൾ പോയി വരുന്ന ക്രമത്തിലാണ് ഷെഡ്യൂളുകൾ തയ്യാറാക്കി അയച്ചിട്ടുള്ളത്. ചീഫ് ഓഫീസ് അംഗീകാരവും അതിനാവശ്യമായ ബസും സ്റ്റാഫും ലഭിക്കുന്ന മുറയ്ക്ക് സർവീസ് തുടങ്ങാനാണ് ഡിപ്പോ അധികൃതർ പദ്ധതിയിട്ടിട്ടുള്ളത്.