കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. വെള്ളിയാഴ്‌ചയും, ശനിയാഴ്‌ചയുമായി രണ്ടു ഘട്ടങ്ങളിലായി മേൽപ്പാലം കഷണങ്ങളായി മുറിച്ച് നീക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി പാലത്തിന്റെ കോൺക്രീറ്റിങ് പൊളിച്ച് മാറ്റുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു.

നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം രണ്ടു തവണ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. ഇതേ തുടർന്നാണ് പാലം കഷണങ്ങളാക്കി മുറിച്ചു നീക്കം പൊളിച്ചു മാറ്റാൻ തീരുമാനിച്ചത്.

പാലം പൊളിക്കുന്നതിൽ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇന്നലെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. ആദ്യം പാലത്തിന്റെ ഭാരം കുറയ്‌ക്കുന്നതിനായി പാലത്തിലെ കോൺക്രീറ്റിംഗുകൾ പൊളിച്ചു മാറ്റും. ഇന്നലെ മുതൽ വ്യാഴാഴ്‌ച വരെകൊണ്ട് കോൺക്രീറ്റുകൾ പൊളിച്ചുമാറ്റുന്നതിനാണ് പദ്ധതി. കോൺക്രീറ്റ് പൂർണമായും പൊളിച്ച് മാറ്റിയ ശേഷമാവും പാലം കഷണങ്ങളായി അറത്തു മാറ്റുക. കോൺക്രീറ്റ് പാളികൾ പൊളിച്ചു മാറ്റിയ ശേഷം അടിയിൽ ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ബലപ്പെടുത്തും. ഇത്തരത്തിൽ ബലപ്പെടുത്തിയ ശേഷമാവും കോൺക്രീറ്റ് പാളികൾ പൊളിച്ച് നീക്കുക.

കോൺക്രീറ്റ് പൂർണമായും പൊളിച്ച് മാറ്റിയ ശേഷം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് പാലം കഷണങ്ങളാക്കി മുറിച്ച് മാറ്റും. പാലം പൊളിച്ചു മാറ്റുന്ന ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ചു റെയിൽവേ അധികൃതരുമായി കരാറുകാർ സംസാരിച്ചിട്ടുണ്ട്. കോൺക്രീറ്റ് പൊളിച്ചു മാറ്റിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിലാവും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. പാലം കഷണങ്ങളായി അറുത്ത് മാറ്റിയ ശേഷം മുകളിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കും. രണ്ട് തവണ ബോംബ് ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ച പാലമാണ് ഇപ്പോൾ കോൺക്രീറ്റ് പാളികൾ പൊളിച്ച് നീക്കിയ ശേഷം തകർക്കുന്നത്.

 ട്രെയിൻ ഗതാഗതം രണ്ടു ദിവസം തടസപ്പെട്ടേക്കും

പാലം പൊളിച്ചു നീക്കുന്നതിനാൽ കോട്ടയം റൂട്ടിൽ രണ്ടു ദിവസം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും. നേരത്തെ രണ്ടു ദിവസം പാലം ബോംബ് വച്ച് തകർക്കുന്നതിനു വേണ്ടി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പാലം പൊളിച്ച് മാറ്റാൻ സാധിക്കാതെ വന്നതിനാൽ റെയിൽവേയ്‌ക്ക് വൻ നഷ്‌ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇപ്പോൾ പാലം പൊളിച്ചു മാറ്റുന്നതിൽ ഉറപ്പ് ലഭിച്ച ശേഷം മാത്രമാവും ട്രെയിൻ ഗതാഗതം നിയന്ത്രിക്കുക.