jose-k-mani

കോട്ടയം: പി.ജെ. ജോസഫിനെ പിന്തള്ളി ജോസ് കെ. മാണിയെ ചെയർമാനാക്കാൻ ഏതറ്റം വരെയും പോകണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന രഹസ്യ യോഗ തീരുമാനം. കെ.എം. മാണി അനുസ്മരണയോഗത്തിന് ശേഷം കോട്ടയത്ത് പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിൽ ജോസ് കെ. മാണിയും സംബന്ധിച്ചു.

പ്രമുഖരായ പലരെയും ഒഴിവാക്കിയുള്ള രഹസ്യ യോഗ വിവരം പുറത്തു വന്നതോടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുമായുള്ള അനൗപചാരിക ചർച്ച എന്നായിരുന്നു വിശദീകരണം.

എം.എൽ.എമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം അടക്കം ഉന്നത നേതാക്കളെ യോഗവിവരം അറിയിച്ചിരുന്നില്ല. ജോസ് കെ. മാണിയെ ചെയർമാനാക്കുന്നതിനു പുറമേ റോഷി അഗസ്റ്റിനെ പാർട്ടി ലീഡറാക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നതെന്നാണ് രഹസ്യയോഗത്തെക്കുറിച്ച് ജോസഫ് വിഭാഗം ആരോപിക്കുന്നത്.

ജോസഫ് വിഭാഗവുമായി ഇനി ഒത്തു ചേർന്നു പോകേണ്ട കാര്യമില്ല. ചെയർമാനോ പാർട്ടി ലീഡറോ ആക്കാതെ വന്നാൽ പാർട്ടി പിളർത്തിയോ അല്ലാതെയോ ജോസഫ് സ്വയം പുറത്തു പോകുന്ന സാഹചര്യ മുണ്ടാക്കാനാണ് ശ്രമം. 'മാണി സ്ഥാപിച്ച പാർട്ടിയുടെ ചെയർമാൻ മാണിയുടെ മകനാകട്ടെ. ചെയർമാനൊപ്പം ലീഡർ സ്ഥാനവും മാണി വഹിച്ചതു പോലെ മാണി വിഭാഗക്കാർ വഹിക്കട്ടെ' എന്ന തീരുമാനത്തിലേക്ക് ജോസ് വിഭാഗം ചർച്ച എത്തിയതായറിയുന്നു.

സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്നു പറയുന്ന ജോസഫിനെക്കൊണ്ട് കമ്മിറ്റി വിളിപ്പിക്കാൻ മൂന്നിലൊന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒപ്പു ശേഖരണം പൂർത്തിയായി. അടുത്ത ദിവസം കത്ത് നൽകും. കമ്മിറ്റി പിന്നെയും വിളിക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം.

നിയമസഭാ സമ്മേളനത്തിന് മുമ്പ് പാർട്ടി ലീഡറെ തിരഞ്ഞെടുക്കുമോ എന്ന് ഉറപ്പില്ല. ഏഴംഗ പാർലമെന്ററി പാർട്ടിയിൽ ജോസഫിനൊപ്പം മോൻസ് ജോസഫും സി.എഫ്. തോമസും ജോയ് എബ്രഹാമും നിന്നാൽ അവർക്കാകും ഭൂരിപക്ഷം. കെ.എം. മാണിയുടെ അഭാവത്തിൽ താത്കാലിക ചെയർമാൻ സ്ഥാനം ലഭിച്ച ജോസഫിന് ഡെപ്യൂട്ടി ലീഡറെന്ന നിലയിൽ ലീഡറുടെ താത്കാലിക ചുമതലയും ലഭിക്കും .ഇത് ജോസഫിനെ പാർട്ടിയിൽ കൂടുതൽ ശക്തനാക്കുമെന്നതിനാൽ അത്തരമൊരു സാഹചര്യം എങ്ങനെയും ഒഴിവാക്കാനാണ് ജോസ് വിഭാഗം നോക്കുന്നത്