കോട്ടയം: കെവിൻ വധക്കേസിൽ വിചാരണയ്‌ക്കിടെ വീണ്ടും കൂറുമാറ്റം. കേസിലെ അറുപതാം സാക്ഷിയായ റംഷീദും, മറ്റൊരു സാക്ഷിയായ പ്രിൻസ് ക്ലമന്റുമാണ് ഒമ്പതാം പ്രതിയായ ടിന്റു ജെറോമിന് അനുകൂലമായി മൊഴി നൽകിയത്. ഇന്നലെ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്. ജയചന്ദ്രൻ മുമ്പാകെ നടന്ന വിചാരണയ്‌ക്കിടെയാണ് സാക്ഷികളുടെ മൊഴി മാറ്റം. ടിന്റുവും താനും ആത്മസുഹൃത്തുക്കളാണെന്നും ടിന്റുവിനെ ശിക്ഷിക്കരുതെന്നും റംഷീദ് ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. എന്നാൽ, മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ടിന്റു തന്നെ മൊബൈലിൽ വിളിച്ച് വിവരങ്ങൾ പറഞ്ഞിരുന്നതായി റംഷീദ് പൊലീസിനോട് പറഞ്ഞിരുന്നു. പ്രോസിക്യൂഷന്റെ വിസ്താരത്തിനിടെയും റംഷീദ് പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചു നിന്നു. ഇന്നലെ നടന്ന ക്രോസ് വിസ്താരത്തിനിടെ ടിന്റു വിളിച്ച നമ്പരിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് റംഷീദ് പറഞ്ഞു. എന്നാൽ ജുഡിഷ്യൽ കസ്റ്റഡിയിലുള്ള മൊബൈൽ സ്വിച്ച് ഓൺ ചെയ്‌ത് പരിശോധിച്ചപ്പോൾ റംഷീദിന്റെ നമ്പർ ഫോണിൽ നിന്നു കണ്ടെത്തി. ജെറോം ഉപയോഗിച്ചിരുന്നത് സഹോദരൻ പ്രിൻസ് വാങ്ങി നൽകിയ മൊബൈലാണ്. പൊലീസ് അന്വേഷണത്തിനിടെ മൊബൈൽ വാങ്ങി നൽകിയത് താനാണെന്ന് പ്രിൻസ് സമ്മതിച്ചിരുന്നു. എന്നാൽ, ഇന്നലെ ടിന്റുവിന്റെ മൊബൈലിനെപ്പറ്റി അറിയില്ലെന്ന് പ്രിൻസ് പറഞ്ഞു. റംഷീദിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചു. കേസിൽ ഇതുവരെ ആറ് പേരാണ് കൂറുമാറിയത്.