navas

കോട്ടയം: മദ്യലഹരിയിൽ വീട്ടുകാരെ മർദ്ദിക്കാൻ ശ്രമിച്ചതിന് മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണർകാട് അരീപ്പറമ്പ് മഹാത്മാ കോളനിയിൽ എടത്തറ പരേതനായ ശശിയുടെ മകൻ യു. നവാസാണ് (27) മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സന്ദർശകരുടെ ശൗചാലയത്തിലെ ജനാല കമ്പിയിൽ ഉടുമുണ്ടിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. സംഭവത്തിൽ പൊലീസുകാരുടെ വീഴ്ച അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പാർത്ഥസാരഥി പിള്ളയെ ചുമതലപ്പെടുത്തി.

തിങ്കളാഴ്ച രാത്രി 8.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ നവാസ് ഭാര്യയെയും മകളെയും ട്രാൻസ്ജെൻഡർ സഹോദരൻ നൗഷാദിനെയും മർദ്ദിക്കാൻ ശ്രമിച്ചു. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് പോയതോടെ വീണ്ടുമെത്തിയ നവാസിനെ നാട്ടുകാർ വളഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചു. ഇതിനിടെ നവാസ് സ്വയം കൈയിൽ മുറിവേല്പിച്ചിരുന്നു. രാത്രി പത്തോടെ കസ്റ്റഡിയിലെടുത്ത നവാസിനെ 10.30ഓടെ സ്റ്റേഷനിലെത്തിച്ചു. പൊലീസ് ആക്ടിലെ 47-ാം വകുപ്പ് പ്രകാരം പ്രൊട്ടക്‌ഷൻ കസ്റ്റഡിയിൽ സൂക്ഷിക്കുകയും 12ന് കോട്ടയം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.

റിസപ്ഷനിൽ ഇരുന്ന നവാസ് ഇന്നലെ രാവിലെ 9.15ന് സ്റ്റേഷനിലെ ശൗചാലയത്തിലേക്ക് പോകുന്ന ദൃശ്യം സി.സി ടിവിയിലുണ്ട്. ഈസമയം ജി.ഡി ചാർജും പാറാവുകാരനും ഒഴികെയുള്ളവർ എസ്.എച്ച്.ഒയുടെ മുറിയിൽ മീറ്റിംഗിലായിരുന്നു. പത്തോടെയാണ് നവാസിനെ കാണാനില്ലെന്നത് ശ്രദ്ധയിൽ പെടുന്നത്. സ്റ്റേഷനിലും പുറത്തും തേടിയെങ്കിലും കണ്ടെത്തിയില്ല. മീറ്റിംഗ് കഴിഞ്ഞ് പുറത്തുപോയി വന്ന എസ്.എച്ച്.ഒ വിവരം അറിഞ്ഞ് സി.സി ടിവി നോക്കിയപ്പോൾ നവാസ് ശൗചാലയത്തിൽ പോയതായി വ്യക്തമായി. തുടർന്ന് പൊലീസുകാർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഉടുമുണ്ടിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. രാവിലെ നവാസിന്റെ ഭാര്യ സ്റ്റേഷനിലെത്തിയെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ അവർ താത്പര്യം കാണിച്ചില്ലെന്ന് പൊലീസുകാർ പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ ചുമതല ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പടന്നയിലിനാണ് . ഉഷയാണ് നവാസിന്റെ മാതാവ്. ഭാര്യ: അഞ്ജു. മകൾ: ആരാധ്യ.