കോട്ടയം: അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപ് നഗരപരിധിയിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്‌കൂളുകൾ പരിശോധിക്കും. സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ , എയ്ഡഡ് സ്‌കൂളുകളിൽ കുടിവെള്ളം മുതൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ വരെ ഒരുക്കണം. ശുദ്ധമായ കുടിവെള്ളം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം ബാത്ത് റൂമുകൾ, പെൺകുട്ടികൾക്കായി നാപ്കിൻ വൈൻഡിംഗ് മെഷീൻ, മാലിന്യം സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ എന്നിവ ഉണ്ടാകണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സ്വകാര്യ ഏജൻസികളുടെയും സഹകരണത്തോടെ നഗരപരിധിയിലെ എല്ലാ സ്‌കൂളുകളിലും ഈ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത സ്‌കൂളുകളുടെ മേധാവിമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ പരിധിയിലെ എല്ലാ സ്‌കൂളുകളും പരിശോധിക്കാൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചത്. സ്‌കൂൾ തുറക്കുന്നതിനു മുൻപ് നഗരസഭ പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തും. ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും തുടർന്ന് പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കുന്നതിനുമായാണ് ഇപ്പോൾ നഗരസഭ ഇടപെടൽ നടത്തുന്നത്. സർക്കാർ വിദ്യാലയങ്ങളുടെ അറ്രകുറ്റപണികൾ അടക്കമുള്ളവ നഗരസഭയുടെ പരിധിയിൽ വരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നഗരസഭയും സ്‌കൂളുകളിൽ ഇടപെടൽ നടത്തുന്നത്. ഇത് അടക്കമുള്ള വിദ്യാഭ്യാസ സ്ഥിരം സമിതിയുടെ ഇടപെടലുകൾക്ക് ഇന്നലെ ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി.