കടുത്തുരുത്തി : ഏറ്റുമാനൂർ - വൈക്കം റോഡിൽ നിരവധി വളവുകൾ ഉള്ള ഇടമാണ് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷൻ. ദിനംപ്രതി നൂറുക്കണക്കിന് ദീർഘ ദൂര കെ. എസ് . ആർ. ടി. സി ബസുകളടക്കമുള്ള മറ്റ് സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്ന കടുത്തുരുത്തി ബ്ലോക്ക് ജംങ്കഷനിലെ കൊടും വളവുകളിൽ മതിയായ സൂചനാ ബോർഡുകൾ ഒന്നും തന്നെ ഇല്ല. ഈ ഭാഗത്ത് റോഡ് നല്ലതായതിനാൽ ഇരുചക്രവാഹനങ്ങളടക്കം ശരവേഗത്തിലാണ് പായുന്നത്. ഈ വളവിൽ വെച്ച് വാഹനങ്ങൾ വീശി എടുക്കുന്നതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. അപകടവളവുകൾ നിരവധി ഉള്ളതിനാൽ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോൾ നിയന്ത്രിക്കാനാവാതെ വരുന്നതാണ് അപകടങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനായി റോഡിന് നടുക്കായി ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അത് കാട് മൂടി തുടങ്ങിയിട്ടുമുണ്ട്. ഇത് അപകട സാദ്ധ്യത കുറയ്കക്കുന്നതിനെക്കാൾ അപകടം കൂട്ടുന്നതിനാണ് വഴിയൊരുക്കുന്നത്. മാത്രവുമല്ല ഈ റോഡിൽ സൂചനാ ബോർഡുകളോ, റിഫ്ളക്ടറുകളോ ഒന്നും തന്നെ ഇല്ല. ഇതുമൂലം പടുകൂറ്റ വളവാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ഡ്രൈവറിന് സാധിക്കാതെ വരുന്നു. ഇതും ഡ്രൈവറുടെ അശ്രദ്ധയും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. വളവിൽ തന്നെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. ഇതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.അദ്ധ്യയന വർഷമാരാംഭിച്ചാൽ നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഇതുവഴി കാൽനടയായി സഞ്ചരിക്കാറുണ്ട്. അപകട സാദ്ധ്യതാ സൂചനാ ബോർഡുകളും റിഫ്ളക്ടറുകളും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.