വൈക്കം : വൈക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ കായലോര ബീച്ചിൽ ടൂറിസം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. കായലോര ബീച്ചിൽ നൂറോളം വിപണന സ്റ്റാളുകളൊരുക്കാനായി ദ്റുതഗതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരാഴ്ച നീളുന്ന ടൂറിസം ഫെസ്റ്റ് അവസാനിച്ചാലും ബീച്ചിലെ വിപണനമേള ജൂൺ 16 വരെ നീളും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് പകർന്ന് വിജയകരമായാണ് ടൂറിസം ഫെസ്റ്റ് നടന്നു വരുന്നത്. മാംഗോഫെസ്റ്റ്, ഫ്‌ളവർഷോ, അമ്യൂസ്‌മെന്റ് പാർക്ക്, കുതിര സവാരി, ഗൃഹോപകരണമേള, ഫുഡ് ഫെസ്റ്റ്, സിനിമ താരങ്ങൾ ഒരുക്കുന്ന മെഗാമേള, മെഡിക്കൽ എസ്‌പോ, വിവിധ വിപണന സ്റ്റാളുകൾ തുടങ്ങിയവ ടൂറിസം ഫെസ്റ്റിലെ മുഖ്യാകർഷണങ്ങളാണ്. ഏഴേക്കറോളം വരുന്ന ബീച്ചിൽ വിപണന സ്റ്റാളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളും തമിഴ്‌നാട് സ്വദേശികൾ അടക്കമുള്ള വരുമാണ് കച്ചവടത്തിനെത്തുന്നത്. നഗരസഭ ചെയർമാൻ പി.ശശിധരൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻ എസ്.ഹരിദാസൻ നായർ, അംബരീഷ് ജി.വാസു തുടങ്ങിയവർ ബീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.വൈക്കത്ത് അഷ്ടമിക്ക് പുറമെ ഏറ്റവുമധികം ആളുകളെ എത്തിക്കുന്ന മേളയായി ടൂറിസം ഫെസ്റ്റിനെ മാറ്റുകയാണ് നഗരസഭയയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ പി.ശശിധരൻ അറിയിച്ചു.