chazhikkadan

കോട്ടയം: സഹോദരന്റെ മരണത്തെ തുടർന്നാണ് തോമസ് ചാഴികാടൻ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചത്. പാർലമെന്റിലേക്ക്‌ ആദ്യമായി മത്സരിക്കുമ്പോഴാവട്ടെ പ്രിയപ്പെട്ട നേതാവിന്റെ മരണവും. രണ്ട് മരണങ്ങളുടെയും ആഘാതത്തിനിടയിലും വിജയം ഒപ്പം നിന്നു. കെ.എം. മാണി അവസാനമായി കൈക്കൊണ്ട രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു ചാഴികാടന്റെ സ്ഥാനാർത്ഥിത്വം.

രാഷ്ട്രീയം തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റായി ഒതുങ്ങിക്കൂടുന്നതിനിടെയാണ് തോമസ് ചാഴികാടനെ നിയമസഭയിലേക്ക്‌ മത്സരിക്കുന്നതിന്‌ കെ.എം. മാണി വിളിച്ചത്. സഹോദരൻ ബാബു ചാഴികാടന്റെ അപ്രതീക്ഷിത വിയോഗത്തിൽ പകരം മത്സരിക്കാനായിരുന്നു അത്. പാർട്ടിയെ വെട്ടിലാക്കി പാർലമെന്റിലേക്ക്‌ മത്സരിക്കാൻ പി.ജെ. ജോസഫ് പരസ്യമായി രംഗത്തെത്തിയപ്പോഴും മാണി പകരം കണ്ടെത്തിയത് പഴയ തുറുപ്പുചീട്ടിനെ തന്നെ. നിയമസഭയിലേക്കും പാർലമെന്റിലേക്കും ചാഴികാടൻ ആദ്യമായി മത്സരിച്ചപ്പോൾ സഹതാപ തരംഗം തുണയായെന്നതും യാദൃച്ഛികമാകാം.

1991ലാണ് തോമസ് ചാഴികാടന്റെ സഹോദരൻ ബാബു ചാഴികാടൻ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിന്നലേറ്റ് മരിച്ചത്. കരുത്തനായ വൈക്കം വിശ്വനായിരുന്നു എതിർപക്ഷത്ത്. ജ്യേഷ്ഠന്റെ ശവകുടീരത്തിൽ റോസാപ്പൂക്കളർപ്പിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ തോമസ് ചാഴികാടൻ 876 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. തുടർച്ചയായി നാലുതവണ ഏറ്റുമാനൂരിൽ നിന്ന് നിയമസഭയിലെത്തിയെങ്കിലും പിന്നീട് രണ്ട് തവണ പരാജയപ്പെട്ടതോടെ രാഷ്ട്രീയ വനവാസത്തിലാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടികൂടിയായി ചാഴികാടന്റെ ഈ മിന്നുന്ന വിജയം. കഴിഞ്ഞ തവണ ജോസ് കെ. മാണി നേടിയ അത്രയുമില്ലെങ്കിലും ഭൂരിപക്ഷം ഒരുലക്ഷത്തിന് മേൽ എത്തിക്കാനായി. ''മാണി സാറിന്റെ ആത്മാവ് ഒപ്പമുണ്ട്. അദ്ദേഹത്തെ ജനങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് കോട്ടയത്തെ വിജയം''- ചാഴികാടൻ കേരളകൗമുദിയോടു പറഞ്ഞു.

മുൻ എം.എൽ.എ എന്ന പരിചയവും ക്‌നാനായ സമുദായാംഗമെന്ന മേൽക്കൈയും കെ.എം. മാണിയുടെ വിയോഗത്തെ തുടർന്നുള്ള സഹതാപ തരംഗവും യു.ഡി.എഫിന്റെ സ്വാധീനവും ചാഴികാടന് ഗുണമായി.