കോട്ടയം: മുന്നറിയിപ്പില്ലാതെ അയ്‌മനത്തും, ഒളശയിലും വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ സാധാരണക്കാരായ നാട്ടുകാരാണ് ബുദ്ധിമുട്ടുന്നത്. പല തവണ വൈദ്യുതി മുടങ്ങുന്നത് ഇലക്‌ട്രോണിക് സാധനങ്ങളെ അടക്കം തകരാറിലാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതോടെ പ്രദേശത്തെ റോഡുകളടക്കം ഇരുട്ടിലാകുന്നുണ്ട്. ഇത് മുതലാക്കി പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായും നാട്ടുകാർ പറയുന്നു. ഇടയ്‌ക്കിടെ വോൾട്ടേജ് വ്യതിയാനം ഉണ്ടാകുന്നതാണ് പ്രശ്‌നത്തിന് ഇടയാക്കുന്നത്.
അയ്മനം കെ.എസ്.ഇ.ബി. ഓഫീസിൽ പ്രദേശത്തെ വൈദ്യുതി മുടക്കത്തെക്കുറിച്ച് പ്രദേശവാസികൾ പരാതി പറയാൻ വിളിക്കുമ്പോൾ 'ചൂടുകാലമല്ലേ, രാത്രി കാലങ്ങളിൽ ഏ.സി., ഫാൻ തുടങ്ങിയവ പോലുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്ന സമയമാണല്ലോ. അതിനാൽ പവർ കട്ട് ആകുന്നതാണ്'-എന്ന പ്രതികരണമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ദീർഘനേരമുള്ള വൈദ്യുതി മുടക്കം ഭീഷണിയാണ്. കഴിഞ്ഞ ദിവസം ഒളശ്ശ ഭാഗത്ത് ബൈക്ക് യാത്രക്കാരന് നേരെ മുളക്‌പൊടിയേറ് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. രാത്രികാലങ്ങളിലുണ്ടാകുന്ന വൈദ്യുതി മുടക്കം ഒഴിവാക്കണമെന്നാണ് അയ്മനം, ഒളശ്ശ നിവാസികളുടെ ആവശ്യം.അയ്മനം ഫീഡറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നതായി വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അമിത വൈദ്യുതി ഉപഭോഗം മൂലമുണ്ടാകുന്ന ലോഡ് കുറയ്ക്കാൻ ചെങ്ങളം സബ് സ്റ്റേഷൻ പരിധിയിൽ വൈദ്യുതി ഓഫ് ചെയ്‌ത് പ്രശ്‌നമായിട്ടുണ്ടെന്നും ഇത് പരിഹരിച്ചിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.