ചങ്ങനാശേരി : നഗരപരിധിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകളിലെ കുട്ടികളുടെ സംരക്ഷണത്തിനായി പെരുന്നയിൽ നിർമ്മിച്ച ഡേ കെയർ കാട് മൂടി നശിക്കുന്നു. ഈ കെട്ടിടം കാട് പിടിച്ച് ഇഴജന്തുകളുടെയും മറ്റും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. അധികൃതരുടെ മേൽനോട്ടത്തിൽ കാട് കയറിയ കെട്ടിടം വെട്ടിതെളിക്കുന്നതിനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ് ഇത്തരത്തിൽ നശിച്ചുകൊണ്ടിരിക്കുന്നത്. 2015ലാണ് ഈ കെട്ടിടം നിർമ്മിച്ചത്. പെരുന്നയിലുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ മാത്രം പൂർത്തിയാക്കി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഡേ കെയർ സെന്റർ തുറന്നില്ല. കെട്ടിടത്തിന്റെ വൈദ്യുതീകരണം, ഇന്റർലോക്കിംഗ്, കാട് കയറിയ പരിസരം വൃത്തിയാക്കൽ തുടങ്ങിയവയാണ് ഇനി പൂർത്തിയാകേണ്ടതുണ്ട്. ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാലാണ് ഡേ കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകിയത്. ഡേകെയറിന്റെ മുൻവശവും മുറ്റവും ഇന്റർലോക്ക് ചെയ്യുന്നതിനായി നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 3 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികളും പൂർത്തിയായി. എന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നു. കാട് വെട്ടിതെളിച്ച ശേഷം വൈദ്യുതീകരണവും ഇന്റർലോക്കിംഗും എത്രയും വേഗം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.