പാലാ: ടൗണിനെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെത്തിമറ്റം - കളരിയാമ്മാക്കൽ കടവ് പാലത്തിനു താഴെ മാലിന്യങ്ങൾ വന്നടിയുന്നു. പാലത്തിന്റെ തൂണുകളിൽ കൂറ്റൻ മരം വന്ന് തടഞ്ഞതോടെയാണ് ഒഴുകി വരുന്ന മാലിന്യങ്ങൾ തങ്ങിക്കിടക്കാൻ തുടങ്ങിയത്. നിർമ്മാണം പൂർത്തിയായി 4 വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്ത പാലമെന്ന പ്രത്യേകതയും കളരിയാമ്മാക്കൽ പാലത്തിനുണ്ട്.
മഴ ശക്തിപ്രാപിക്കുന്നതിനു മുൻപുതന്നെ മരംവെട്ടി മാറ്റാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്താണ് കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിന്റെ തൂണുകളിൽ തടഞ്ഞത്.
ജനപ്രതിനിധികൾ കളക്ടറെ വിവരമറിയിക്കുകയും നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. താലൂക്ക് വികസന സമിതിയിൽ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഇക്കാര്യം അവതരിപ്പിക്കുകയും നടപടിയ്ക്ക് വികസനസമിതി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കളരിയാമ്മാക്കൽ പാലത്തിനായി അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചിട്ടില്ല. കോടികൾ മുടക്കി പണിത പാലത്തിലേയ്ക്ക് നാട്ടുകാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പാലത്തിന്റെ മറുകരയിൽ മീനച്ചിൽ പഞ്ചായത്തിലുള്ളവർക്ക് പാലത്തിന് സമീപമെത്തണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പ്രവേശിക്കണം.
പാലം വരെ റോഡിനായി ഒട്ടേറെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പലരും വേണ്ടത്ര നഷ്ടപരിഹാരം കിട്ടിയാൽ സ്ഥലം നൽകാൻ തയ്യാറാണ്. ചെത്തിമറ്റത്ത് പാലാ നഗരസഭാതിർത്തിക്കുള്ളിലുള്ള ഭാഗത്ത് നിലവിൽ റോഡുണ്ടെങ്കിലും അപ്രോച്ച് റോഡിനായി നിർമ്മാണം നടത്തണം. പാലത്തിന്റെ മറുകരയിൽ മീനച്ചിൽ പഞ്ചായത്തിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാലം അവസാനിക്കുന്ന സ്ഥിതിയാണുള്ളത്. പാലം പൂർത്തിയായിട്ട് വർഷങ്ങളായെങ്കിലും യാത്ര തുടങ്ങാൻ സമീപവാസികൾ ഇനിയും കാത്തിരിക്കേണ്ട ഗതികേടിലാണ്.