മാഞ്ഞൂർ : മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വൈക്കം - ഏറ്റുമാനൂർ റോഡിൽ മാഞ്ഞൂർ സൗത്തിലെ ഒാടയിൽ നിന്ന് ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ റോഡിന്റെ വശങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ നിർത്തി ശേഖരിച്ച മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്.
റോഡിലെ ഒാടയിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളും മറ്റുള്ളിടത്ത് നിന്ന് ശേഖരിച്ച മാലിന്യങ്ങളും ഇവിടെ കൂട്ടിയിട്ടുണ്ട്. ചാക്കിലും കൂടുകളിലും കെട്ടിയും അല്ലാതയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ നടപ്പാതയിൽ ചിതറി കിടക്കുന്ന നിലയിലാണ്. ഇത് കാൽനടയാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്നു. പക്ഷികളും തെരുവ് നായക്കളും ഉൾപ്പെയുള്ളവ ഈ മാലിന്യങ്ങൾ റോഡിലേക്ക് കൊണ്ടും ഇടുന്നുണ്ട്. ഇത് ഇരുചക്രവാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അജൈവ മാലിന്യങ്ങൾ ആയത് കൊണ്ട് മഴക്കാലമാരംഭിച്ചാൽ ഇവിടെ വെള്ളം കെട്ടിനിന്ന് പകർച്ചവ്യാധി പടരാനുള്ള സാദ്ധ്യതയും കൂടുതലാണ്.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം രണ്ട് ദിവസം അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കൗണ്ടറുകൾ പ്രവർത്തിച്ച പഞ്ചായത്തിന്റെ പ്രദേശങ്ങളിലാണ് മാലിന്യങ്ങൾ പാതയോരത്ത് അലക്ഷ്യമായി ചിതറി കിടക്കുന്നത്.