പാലാ : കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പാലാ നൽകിയത് റെക്കാഡ് ഭൂരിപക്ഷം. 66971 വോട്ടാണ് പാലായിൽ യുഡിഎഫിന് ലഭിച്ചത്. 33499 വോട്ടുകൾ എൽ.ഡി.എഫിനും 26533 വോട്ടുകൾ എൻ.ഡി.എ മുന്നണികൾക്കും ലഭിച്ചു. യു.ഡി.എഫ് ഭൂരിപക്ഷം 33472 വോട്ടാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാലായിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് ഭൂരിപക്ഷം നൽകിയാണ് പാലാക്കാർ ഇത്തവണ യു.ഡി.എഫിനെ വരവേറ്റത്. ജോസ് കെ. മാണിക്ക് 66968 വോട്ട് പാലായിൽ ലഭിച്ചപ്പോൾ 33999 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. എൽ.ഡി.എഫിന് ഇത്തവണ പാലായിൽ വോട്ട് കുറയുകയാണ് ഉണ്ടായത്. കഴിഞ്ഞതവണ 35569 വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യൂ ടി. തോമസ് എം.എൽ.എ പിടിച്ചപ്പോൾ ഇത്തവണ 2070 വോട്ടിന്റെ കുറവ് ജനതാദൾ സീറ്റ് പിടിച്ചുവാങ്ങിയ സി.പി.എം സ്ഥാനാർത്ഥിക്ക് ഉണ്ടായി. ഇത്തവണ പാലാ നിയോജകമണ്ഡലത്തിൽ 12 പഞ്ചായത്തിലും പാലാ മുനിസിപ്പാലിറ്റിയുലുമായി 33472 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ രാമപുരം ഗ്രാമപഞ്ചായത്തിൽ 4500 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനെ തുണച്ചു. പാലാ നഗരസഭയിൽ 4356 വോട്ടിന്റെ നേട്ടമുണ്ടായി. കടനാട് 2727, തടനാട് 480, ഭരണങ്ങാനം 2570, തലപ്പലം 1795, കരൂർ 3434, മുത്തോലി 3464, മീനച്ചിൽ 2705, എലിക്കുളം 2434, കൊഴുവനാൽ 1769, മേലുകാവ് 1916, മൂന്നിലവ് 1116 എന്നിങ്ങനെയാണ് ലീഡ്‌നില.