കോട്ടയം : നാഗമ്പടം റെയിൽവേ മേൽപ്പാലം നാളെ പൊളിച്ച് തുടങ്ങും. രണ്ടു തവണ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മേൽപ്പാലം ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് പൊളിച്ച് മാറ്റുന്ന ജോലികളാണ് നാളെ മുതൽ നടക്കുക. ഇതിന്റെ ഭാഗമായി കോട്ടയം എറണാകുളം റൂട്ടിൽ നാളെയും, മറ്റന്നാളും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.
പാലം പൊളിച്ചു മാറ്റുന്നതിനു മുന്നോടിയായി കോൺക്രീറ്റ് ബ്ലോക്കുകൾ അറത്തു മാറ്റുന്ന ജോലികൾ കഴിഞ്ഞ ദിവസം റെയിൽവേയുടെ കരാറുകാരൻ പൂർത്തിയാക്കിയിരുന്നു. ഇന്നലെ പാലത്തിന് കോൺക്രീറ്റ് താങ്ങ് നൽകിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ പാളത്തിലേയ്‌ക്കുള്ള വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റും. ആദ്യം പാലത്തിന്റെ ആർച്ച് ബീമുകൾ അറുത്തുമാറ്റും. തുടർന്ന് ഇവ അറത്തുമുറിച്ച് മാറ്റിയ ശേഷം, ക്രെയിൻ ഉപയോഗിച്ച് ഇറക്കി വയ്‌ക്കും. ആർച്ച് പൊളിച്ച് മാറ്റിയ ശേഷം പാലം ചെറു കഷണങ്ങളാക്കി മുറിച്ച് മാറ്റുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്.
ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
നാളെ പാസഞ്ചർ ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. എക്‌സ്പ്രസ് ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. അതേസമയം, 24 മണിക്കൂർ സമയത്തിനുള്ളിൽ പാലം പൂർണമായി പൊളിച്ചു നീക്കുക പ്രയാസമാണെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം നീട്ടിയേക്കും. എം.സി. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും നാളെ ഗതാഗതം തടസപ്പെടാനുള്ള സാദ്ധ്യതയുണ്ട്.