കോട്ടയം: മീനച്ചിലാറിനെ മാലിന്യമുക്‌തമാക്കുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മീനച്ചിലാർ ശുചീകരണം 26ന് രാവിലെ ഒൻപതിന് പൂഞ്ഞാ‌ർ തെക്കേക്കരയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മീനച്ചിലാറിന്റെ ശുചീകരണം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ആർ അജയ്‌, സെക്രട്ടറി സജേഷ് ശശി എന്നിവ‌ർ അറിയിച്ചു. പൂഞ്ഞാർ തെക്കേക്കര മുതൽ മേരിഗിരി വരെയുള്ള പ്രദേശം ഡി.വൈ.എഫ്.ഐ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരിക്കുക. ഇടപ്പാടി മുതൽ ചേർപ്പുങ്കൽ പാലം വരെ പാലാ ബ്ലോക്ക് കമ്മിറ്റിയും, ചേർപ്പുങ്കൽ പാലം മുതൽ നട്ടാശേരി വരെ അയർക്കുന്നം വാഴൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലും ശുചീകരിക്കും. നട്ടാശേരി മുതൽ തിരുവാർപ്പ് വരെ കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, വൈക്കം ബ്ലോക്ക് കമ്മിറ്റികളും, കട്ടച്ചറി മുതൽ കുമ്മനം വരെ ഏറ്റുമാനൂർ , തലയോലപ്പറമ്പ്, കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റികളും ശുചീകരിക്കും.