nagambadam-bridge

കോട്ടയം: സ്ഫോടനം നടത്തി തകർക്കാനുള്ള ശ്രമങ്ങളെ 'തലയുയർത്തി നിന്ന് ചെറുത്ത" നാഗമ്പടം പഴയ മേൽപ്പാലം പലഭാഗങ്ങളായി മുറിച്ചു നീക്കി. ഇന്നലെ രാവിലെ ഒൻപതരയോടെ ആദ്യത്തെ ആർച്ച് ബീം പൊളിച്ചുമാറ്റി. രാത്രി ഏഴരയോടെയാണ് പണി പൂർത്തിയാക്കിയത്. ഒരാഴ്‌ചയായി ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. പാലം പൊളിക്കുന്നതിനാൽ നിയന്ത്രിച്ചിരുന്ന ട്രെയിൻ ഗതാഗതം പുലർച്ചയോടെ പൂർവ സ്ഥിതിയിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് കാൽനൂറ്റാണ്ടോളം പഴക്കമുള്ള നാഗമ്പടത്തെ റെയിൽവേ മേൽപ്പാലം പൊളിച്ച് മാറ്റിയത്. കഴിഞ്ഞ മാസം അവസാനം രണ്ടു തവണ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പാലം അറുത്തുമാറ്റുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ച പുലർച്ചെ മുതൽ എറണാകുളം - കായംകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് റെയിൽവേയുടെ വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റി. പിന്നാലെ ഇരുമ്പ് ഗർഡറുകളും തടിയും ഉപയോഗിച്ച് പാലത്തിന് താങ്ങ് നൽകി. രണ്ടു ക്രെയിനുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു. പുലർച്ചെ ആറു മണിയോടെ പാലത്തിന്റെ ആർച്ച് ബീമുകൾ അറുത്ത് മാറ്റുന്ന ജോലി ആരംഭിച്ചു. ക്രെയിനുകൾ ഉപയോഗിച്ച് ബീമുകൾ താങ്ങിയ ശേഷം, ഇലക്ട്രിക്ക് കട്ടർ ഉപയോഗിച്ച് ആർച്ച് മുറിച്ചു . മുറിച്ചെടുത്ത ആർച്ച് ക്രെയിൻ ഉപയോഗിച്ച് നാഗമ്പടം സ്റ്റേഡിയത്തിനും റെയിൽവേ ട്രാക്കിനും ഇടയ്ക്കുള്ള ഭാഗത്തേയ്‌ക്ക് മാറ്റി വച്ചു. രാവിലെ 9.30 ഓടെയാണ് ആദ്യ ആർച്ച് മുറിച്ചു മാറ്റിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ രണ്ടാമത്തെ ആ‌ർച്ചും മുറിച്ച് മാറ്റി. തുടർന്ന് പാലവും കഷണങ്ങളാക്കി മുറിച്ച് ക്രെയിൻ ഉപയോഗിച്ച് മാറ്റി.

ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടതിനാൽ റെയിൽവേ അധികൃതരുടെ കർശന മേൽനോട്ടത്തിലാണ് ഇക്കുറി പൊളിക്കൽ നടന്നത്. പാലത്തിന്റെ ഭാഗങ്ങൾ പൊട്ടിച്ച് കമ്പി ആക്രിയായി വിൽക്കും, കോൺക്രീറ്റ് ഭാഗങ്ങൾ പാത ഇരട്ടിപ്പിക്കുന്നിടത്ത് നിലം നികത്തുന്നതിനും ഉപയോഗിക്കും.