വൈക്കം : പുതിയ അദ്ധ്യയന വർഷത്തിൽ സ്‌കൂളിലേക്കൊരു സുരക്ഷിതയാത്ര എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ ബസുകളുടെ സുരക്ഷിതത്വം പരിശോധിക്കുകയും ഡ്രൈവർമാർക്കും ആയമാർക്കും ബോധവത്ക്കരണം നൽകുകയും ചെയ്തു. 150 ഓളം സ്‌കൂൾ വാഹനങ്ങളാണ് ഇന്നലെ ആശ്രമം സ്‌കൂൾ മൈതാനത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.സുരേഷിന്റെ നേതൃത്വത്തിൽ പത്തുപേരടങ്ങുന്ന വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തി സ്റ്റിക്കർ പതിച്ചത്. ഡ്രൈവർമാർ പാലിക്കേണ്ട വ്യവസ്ഥകളും നിയമങ്ങളും കുറ്റമറ്റതാക്കാനും നിർദ്ദേശിച്ചു. വാഹനത്തിന്റെ ആർ.സി.ബുക്ക്, ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ടാക്ക്‌സ് ടോക്കൺ, പുകപരിശോധനാ സർട്ടിഫിക്കറ്റ്, ലൈസൻസ് എന്നീ രേഖകൾ വാഹനത്തിൽ സൂക്ഷിക്കണം. യോഗ്യതയുള്ള ഡ്രൈവർമാരെ മാത്രം നിയമിക്കുകയും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെന്റ് ചെയ്തവരെ ഒഴിവാക്കുകയും വേണം. യാത്ര ചെയ്യുന്ന വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, വിലാസം, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവ വാഹനത്തിൽ പ്രദർശിപ്പിക്കണം. വിദ്യാർത്ഥികൾ കയറിയിറങ്ങുമ്പോൾ ആയമാരുടെ സഹായം അനിവാര്യമാണ്. ബ്രേക്ക്, ഇൻഡിക്കേറ്റർ, ഡോർ സംവിധാനം, വാഹനത്തിന്റെ ബാറ്ററി, ഡോർ ഷട്ടർ, വാഹനത്തിന്റെ പഴക്കം എന്നിവ കർശനമായി പാലിക്കേണ്ട വ്യവസ്ഥകളാണ്.
സീതാറാം ആഡിറ്റോറിയത്തിൽ നടന്ന ബോധവത്ക്കരണ സെമിനാർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.സുരേഷ് ഉദ്ഘാടനം ചെയ്തു. വൈക്കം ജോയിന്റ് ആർ. ടി. ഒ. ജെബി ഐ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരായ ബിജു ഐസക്, ഐസക് തോമസ്, ടി. ജി. വേണു, ജിൻസ് ജോർജ്, ഭരത് ചന്ദ്രൻ, ബെൻ ജോസ്, പി. കെ. ബാബു, എസ്. അജിത്, എം. പി. സെന്തിൽ, ജോസി പി.ചാക്കോ എന്നിവർ പ്രസംഗിച്ചു. ഭരത് ചന്ദ്രൻ, ഐസക് തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു.