pramod

കോട്ടയം: കൈക്കൂലി ചോദിച്ച് വാങ്ങും, കൊടുക്കാൻ തയ്യാറായില്ലെങ്കിൽ ഫയലിൽ ചുവപ്പിട്ടുടക്കും..! കോട്ടയം നഗരസഭ സോണൽ ഓഫീസിൽ നിന്നു പിടികൂടിയത് വൻ കൈക്കൂലി മാഫിയ സംഘത്തെ. പതിനഞ്ച് ദിവസം കൊണ്ട് നൽകാവുന്ന ജമമാറ്റ സർട്ടിഫിക്കറ്റിനായി 150 തവണയിലേറെയാണ് എബ്രഹാം നാട്ടകം സോണൽ ഓഫീസിൽ കയറിയിറങ്ങി നടന്നത്. ഒടുവിൽ സീനീയർ ക്ലർക്ക് പ്രമോദ് കാര്യം തുറന്നു പറഞ്ഞു, 12,000 രൂപ കൈക്കൂലി നൽകണം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കുന്നതിനുള്ള സാലറി ചലഞ്ചിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ കൈക്കൂലിക്കേസിൽ പിടിയിലായിരിക്കുന്നത്.

എബ്രഹാം അപേക്ഷ സമർപ്പിക്കുമ്പോൾ സൂപ്രണ്ട് സരസ്വതിയ്‌ക്കായിരുന്നു ചുമതല. പ്രമോദ് ഈ സമയം റവന്യു വിഭാഗത്തിലെ ക്ലർക്ക് മാത്രമായിരുന്നു. ഇതിനിടെയുണ്ടായ തസ്‌തിക മാറ്റത്തിലാണ് പ്രമോദിന് റവന്യു ഇൻസ്‌പെക്‌ടറുടെ ചുമതല ലഭിച്ചത്. ഇതോടെ എബ്രഹാമിന്റെ മേലുള്ള പീഡനം ഇരട്ടിയായി. സൂപ്രണ്ടും താനും നേരിട്ട് എത്തി സ്ഥലം പരിശോധിക്കണമെന്ന് പറഞ്ഞാണ് ആദ്യം അപേക്ഷ വൈകിപ്പിച്ചത്. സ്ഥലം ഇരുവരും പരിശോധിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.

മുൻപും കൈക്കൂലിക്കേസ്

കോട്ടയം നഗരസഭയിൽ മുൻപും അഴിമതിക്ക് ഉദ്യോഗസ്ഥൻ പിടിയിലായിട്ടുണ്ട്. 2014 ൽ നഗരസഭ കുമാരനല്ലൂർ സോണിലെ അസി.എൻജിനീയർ തിരുവല്ല സ്വദേശി മാർട്ടിനാണ് പിടിയിലായത് . റിസോർട്ട് ലൈസൻസിനുള്ള അപേക്ഷ രണ്ടു തവണ തള്ളിയതോടെ ഉടമ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു. എന്നിട്ടും കൈക്കൂലി നൽകാതെ ലൈസൻസ് അനുവദിക്കില്ലെന്ന് മാർട്ടിൻ ശഠിച്ചു. തുടർന്ന് കെട്ടിട ഉടമ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് മാർട്ടിനെ പിടികൂടി. ഈ കേസ് വിചാരണ ഘട്ടത്തിലാണ്.

പ്രമോദിനെ സസ്‌പെന്റ് ചെയ്‌തു

കൈക്കൂലിക്കേസിൽ രണ്ട് ഉദ്യോഗസ്ഥർ കുടുങ്ങിയതോടെ നഗരസഭയിൽ വൻ അഴിച്ചു പണി. അറസ്റ്റിലായ പ്രമോദിനെ സസ്‌പെന്റ് ചെയ്‌തു. പ്രതി ചേർക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ പ്രധാന ഓഫീസിലെ ആരോഗ്യ വിഭാഗത്തിലേയ്‌ക്ക് സ്ഥലം മാറ്റി. പകരം കെ.എസ് മഞ‌്ജുവിനെ ചാർജ് ഓഫീസറായി നിയോഗിച്ചു. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെടുക്കുമെന്നു നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അറിയിച്ചു.