കോട്ടയം: നഗരത്തിന്റെ മുഖമായി മാറേണ്ട നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. നാഗമ്പടം സ്റ്റേഡിയത്തിന്റെ നവീകരണത്തെക്കുറിച്ച് കാലങ്ങളായി കേൾക്കുന്നുണ്ടെങ്കിലും അതിനുവേണ്ടിയുള്ള നടപടികൾ എങ്ങുമെത്താത്തതാണ് ഈ മൈതാനത്തിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം. കരഘോഷങ്ങൾ മുഴങ്ങേണ്ട ഗാലറി ഇന്ന് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. സ്റ്റേഡിയത്തിന് സമീപത്തെ ഓടയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞു കിടക്കുന്നു. കൂടാതെ സ്റ്റേഡിയത്തിന്റെ പല ഭാഗത്തായി മാലിന്യങ്ങൾ അലക്ഷ്യമായി കിടക്കുന്നു. തുരുമ്പെടുത്ത ഗേറ്റ്, തെളിഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് കമ്പികൾ, അടർന്നുപോയ സംരക്ഷണഭിത്തികൾ...സ്റ്റേഡിയത്തിന്റെ പുറമേയുള്ള ചിത്രം ഇങ്ങനെയാണ്! ഭീതി കൂടാതെ ഇവിടത്തെ ഗാലറിയിൽ ഇരിക്കാൻ കഴിയില്ലെന്ന് കളിപ്രേമികൾ പറയുന്നു. മൈതാനത്ത് പന്തലും മറ്റും സ്ഥാപിക്കാൻ പതിവായി കുഴികളെടുക്കുന്നത് സ്റ്റേഡിയത്തിന്റെ നിരപ്പായ പ്രതലം നഷ്ടപ്പെടുത്തിയതായും ഇവർക്ക് പരാതിയുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സോളാർ ലൈറ്റുകൾ നോക്കുകുത്തികളായതായും പരാതിയുണ്ട്. സ്‌റ്റേഡിയത്തിനുള്ളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽ ചിലത് കാണാനില്ല. പാനലുകൾ സ്ഥാപിച്ചിട്ട് അധികം നാൾ പിന്നിടും മുൻപാണ് ഈ സ്ഥിതി. സന്ധ്യ കഴിഞ്ഞാൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധസംഘം തമ്പടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ശക്തമായ മഴയിൽ സ്റ്റേഡിയം കുളത്തിന് സമാനമാകും. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഇവിടെയില്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഓടകൾ ഉണ്ടെങ്കിലും കൃത്യമായ പരിപാലനം ഇല്ലാത്തതിനാൽ ഓട മണ്ണ് കയറി മൂടിയ നിലയിലാണ്. സ്റ്റേഡിയം നവീകരിക്കാനും ആധുനിക പവിലിയനും സിന്തറ്റിക് ട്രാക്കും നിർമിക്കാനും നഗരസഭാകൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.എന്നാൽ കൂടുതൽ പണച്ചെലവുള്ള പദ്ധതിയായതുകൊണ്ട് കായിക മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണെന്നാണ് അധികൃതർ നൽകുന്ന മറുപടി.