പൊൻകുന്നം: പി.പി.റോഡിൽ അട്ടിക്കൽ ആർ.ടി ഓഫീസിനു സമീപം കാറുകൾ കൂട്ടിയിടിച്ച് പ്രമുഖ സോപാന സംഗീതജ്ഞനും വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകനുമായ ചിറക്കടവ് മൂലേത്താഴത്ത് ബേബി എം.മാരാർ (52) മരിച്ചു. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. പനമറ്റം പൂവത്തുങ്കൽ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോകുമ്പോൾ എതിർദിശയിൽ അമിതവേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ ബേബിയുടെ ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. അപകടമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരുമാണ് പരിക്കേറ്റ ബേബിയെയും സ്വിഫ്റ്റിന്റെ ഡ്രൈവർ റാന്നി ഇടക്കുളം ചൊവ്വൂർ വീട്ടിൽ ജെറിൻ വർഗീസിനെയും (28) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ബേബിയെ പിന്നീട് തെള്ളകത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ജെറിൻ വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള ബേബി 1992ലാണ് വൈക്കം ക്ഷേത്ര കലാപീഠത്തിൽ പഞ്ചാവാദ്യ അദ്ധ്യാപകനായി ചേർന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: മഞ്ജുള (കല്ലറ ഒറ്റുവിരുത്തിൽ കുടുംബാംഗം) മക്കൾ: ഗോവിന്ദ്, (പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥി), ഗോപിക (കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ വിദ്യർത്ഥിനി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.