കുറവിലങ്ങാട് : ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ ഏറെ വലയുകയാണ് കടപ്ലാമറ്റം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ. രാത്രി ഏഴുമണി കഴിഞ്ഞാൽ വീടെത്തണമെങ്കിൽ സ്വന്തമായി വാഹനമോ അല്ലെങ്കിൽ ഓട്ടോറിക്ഷയോ നാട്ടുകാർക്ക് ആശ്രയിക്കേണ്ടി വരും. സ്വന്തമായി വാഹനം ഇല്ലാത്തവരാണ് ഏറെ ദുരിതം നേരിടുന്നത്.
കുണുക്കുംപാറ , ഇലയ്ക്കാട്, മടയകുന്ന് റൂട്ടിൽ നിലവിൽ ഒരു ബസ് സർവീസ് മാത്രമാണ് ഉള്ളത്. വർഷങ്ങൾക്ക് മുന്പ് രണ്ട് സ്വകാര്യ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ ഇതിൽ ഒരെണ്ണം സർവീസ് നിറുത്തിയതോടെ ദുരിതത്തിലായത് പ്രദേശവാസികളാണ്. ഈ പ്രദേശത്ത് നിന്നും സ്‌കൂളുകൾ, കോളേജുകൾ ആശുപത്രി, പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്നതിന് ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടേണ്ടതായി വരുന്നു.രണ്ട് മണിക്കൂർ ഇടവിട്ട് മാത്രമേ പാലായിൽ നിന്നും കുറവിലങ്ങാട്ടേക്ക് ഇതുവഴി ബസ് സർവീസ് ഉള്ളൂ. ഇതിനിടയിൽ ഇവിടുത്തെ ജനങ്ങൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിന് രണ്ട് കിലോമീറ്ററിലധികം കാൽനടയായോ അല്ലെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിച്ച് വളകുഴി, നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ എത്തിയാൽ മാത്രമേ ബസ് ലഭിക്കുകയുള്ളൂ. കുണുക്കുംപാറ, ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ, ഇലയ്ക്കാട് ഹരിജൻ കോളനി, എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ്. സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന ഇവിടത്തെ ജനങ്ങളെ സംബന്ധിച്ചിടത്താളം ദിനംപ്രതി യാത്രക്കായി 50-60 രൂപ മുടക്കി ഒട്ടോറിക്ഷയെ ആശ്രയിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
റോഡിന്റെ ശോചനീയാവസ്ഥ മൂലം നിലവിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് മുടങ്ങുന്നത് പ്രദേശത്തെ സ്‌കൂൾ കുട്ടികളും ജോലിക്കാരും അനുഭവിക്കുന്ന ദുരിതത്തിന് ആക്കം കൂട്ടുന്നു.രാത്രി ഏഴിന് ശേഷം ഈ പ്രദേശേത്തക്ക് ബസില്ലാത്തതു കൊണ്ട് ഏറെ വലയുന്നത് സാധാരണക്കാരായ തൊഴിലാളികളാണ്. ഈ പ്രദേശത്തുകൂടി ഒരു കെ. എസ്. ആർ.ടി. സി സർവീസെങ്കിലും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം. എൽ. എ ഉൾപ്പെടെ ഉൾവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.