kunjumanichettan

തലയോലപ്പറമ്പ്: അക്കരയിക്കരെയുള്ള സ്വപ്നങ്ങളെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും കൂട്ടിമുട്ടിക്കുന്ന ഇളങ്കാവ് കടത്ത് കടവിലെ കുഞ്ഞുമണിചേട്ടന്റെ തുഴച്ചിലിന് വർഷങ്ങളുടെ കഥ പറയാനുണ്ട്. പൊട്ടൻചിറയിലും, പാലാം കടവിലും പാലം വന്നതിനു ശേഷം കടത്ത് കടവിൽ യാത്രക്കാർ നന്നെ കുറഞ്ഞെങ്കിലും കുഞ്ഞുമണി ചേട്ടന്റെ പഞ്ചായത്ത് കടത്ത് ഇന്നും സജീവം. വടയാർ ഉത്സവവും ആറ്റുവേലയും ആരംഭിച്ചാൽ ഇടതടവില്ലാതെ വള്ളത്തിൽ കയറാൻ ആളുകൾ ഇന്നും എത്താറുണ്ട്. വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ പുലർച്ചെ നിർമ്മാല്യം ആരംഭിക്കുന്നതിന് മുമ്പ് തുടങ്ങും കുഞ്ഞുമണിചേട്ടൻ തുഴയെറിയാൻ. ക്ഷേത്രത്തിൽ പുലർച്ചെ സ്ഥിരമായി എത്തുന്നവരുണ്ട്. കാൽ നൂറ്റാണ്ടിലധികമായി ഇടവട്ടം കൂർക്കപ്പടവിൽ ശശി (62) എന്ന കുഞ്ഞുമണി തുഴച്ചിൽ ആരംഭിച്ചിട്ട്. മറവൻതുരുത്ത് പഞ്ചായത്ത് കരാറടിസ്ഥാനത്തിൽ നിയമിച്ചതാണ് കുഞ്ഞു മണിയെ. അടുത്ത കാലത്താണ് ശബളം ആറായിരമായി വർദ്ധിപ്പിച്ചത് കൂടാതെ വള്ള വാടകയും ലഭിക്കും.
ഇളങ്കാവിലമ്മയുടെമുന്നിലേക്ക് കടവിൽ കൈപിടിച്ച് ഇറക്കിയവരിൽപലരും പ്രഗത്ഭരും പ്രശസ്തരുമായി മാറിയിട്ടുണ്ട്. രസകരമായ അനുഭവങ്ങളും ദേഷ്യം പിടിച്ച കുസൃതികളും ഇക്കൂട്ടത്തിലുണ്ട് പറയാൻ.വള്ളം വിട്ട് കഴിഞ്ഞ്
'ദേ ആളുണ്ടേ' എന്നു പറഞ്ഞ്
ഓടിവരുന്ന സ്ഥിരം യാത്രക്കാരുണ്ട്. വേർപാടിന്റെയും വേദനകളുടെയും
കഥകൾ പറയാൻ അനവധിയാണ്. ചിരിച്ച് വർത്തമാനം പറഞ്ഞ് പോയി ചലനമറ്റ് തിരിച്ച് ഇതെവള്ളത്തിൽ കൊണ്ടുപോയവരെയും വേദനയോടെ കുഞ്ഞു മണിചേട്ടൻ ഓർക്കാറുണ്ട്.
കാമുകി പോയതറിയാതെ താമസിച്ച് വള്ളത്തിൽ കയറാൻ വരുന്ന കാമുകൻ.
പിണങ്ങിയിരിക്കുന്നവരെ ഒരേ സമയം വള്ളത്തിൽ കൊണ്ടുപോയ അനുഭവവുമുണ്ട് പറയാൻ.
അസുഖങ്ങളും സങ്കടങ്ങളും വേദനകളും ഉള്ളിലൊതുക്കി സൂര്യകിരണങ്ങളേറ്റ് വാടിയമുഖത്ത് ചിരികൾനിറച്ച് കുശലങ്ങൾ പറഞ്ഞ് മണകുന്നംകാരുടെ സ്വന്തം കുഞ്ഞു മണിയുടെ ജീവിതത്തിൽ കൂടെ തുഴയാൻ ഭാര്യ അമ്പിളിയും ബി.കോം വിദ്യാർത്ഥിയായ അജയ് പ്ലസ് ടു വിദ്യാർത്ഥിയായ അഭയ് എന്നിവരും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പ്രാരാബ്ദ ഓളങ്ങളിൽ മഴയത്തും വെയിലത്തും മഞ്ഞിലും ഇരുകരകളിലേക്കും കുഞ്ഞു മണി ചേട്ടൻ ഇന്നും തുഴഞ്ഞു കൊണ്ടേ ഇരിക്കുന്നു.