കോന്നി: അടൂർ പ്രകാശ് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കോന്നി നിയമസഭാ മണ്ഡലത്തിൽ കരുത്തരായ സ്ഥാനാർത്ഥികളെ കണ്ടുപിടിക്കാൻ മുന്നണികൾ ശ്രമം തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല അന്തരീക്ഷം മുതലാക്കി സീറ്ര് നിലനിറുത്താമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് സ്ഥാനാർത്ഥികളാകാൻ കച്ചമുറുക്കുന്നവരുടെ എണ്ണം കോൺഗ്രസിൽ കൂടുതലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ ആഘാതത്തിലായ എൽ.ഡി.എഫിന് തിരിച്ചുവരാനുളള ഒരു വഴി കൂടിയാണ് കോന്നിയിൽ ഉൾപ്പെടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾ. ശക്തമായ ജനകീയ അടിത്തറയുള്ള കോന്നിയിൽ മികച്ച പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എൽ.ഡി.എഫ് കണക്കൂകൂട്ടുന്നത്.
അടൂർ പ്രകാശിലൂടെ യു.ഡി.എഫ് തുടർച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തിൽ എൻ.ഡി.എ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ മൂന്നിരട്ടിയായി ഉയർന്നു. അതിന്റെ അടിസ്ഥാനത്തിൽ കോന്നിയിൽ വിജയിച്ച് കയറാൻ കരുത്തുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് എൻ.ഡി.എയുടെ നീക്കം.
അടൂർ പ്രകാശിന്റെ പകരക്കാരൻ ആരാകണമെന്നതാണ് കോൺഗ്രസിലെ ചർച്ച. എെ ഗ്രൂപ്പ് മണ്ഡലം 'എ'യ്ക്ക് വിട്ടുകൊടുത്താലും ഇല്ലെങ്കിലും അടൂർ പ്രകാശ് യെസ് മൂളുന്നവർ സ്ഥാനാർത്ഥിയായി വരാനാണ് സാദ്ധ്യത. എെ ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ലയിലെ പ്രമുഖൻ പഴകുളം മധുവാണ്. കെ.പി.സി.സി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ സാന്നിദ്ധ്യവുമാണ് അദ്ദേഹം. എന്നാൽ, അടൂർ പ്രകാശിന്റെ വിശ്വസ്തനും പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിന്റെ പേരും പട്ടികയിലെത്തിയേക്കാം. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികവ് റോബിന് അനുകൂലമാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് അബുവും ബിനിലാലും പരിഗണിക്കപ്പെട്ടേക്കാം.
ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് എ ഗ്രൂപ്പുകാരനാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച സംഘാടക മികവിന് അംഗീകാരമായി അദ്ദേഹത്തെ പരിഗണിക്കാനും ഇടയുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും സീറ്റുകൾ നിഷേധിക്കപ്പെട്ട ഡി.സി.സി മുൻ പ്രസിഡന്റ് പി.മോഹൻരാജാണ് പരിഗണിക്കപ്പെടാൻ ഇടയുളള മറ്റൊരു നേതാവ്.
എൽ.ഡി.എഫിൽ
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കഴിഞ്ഞ തവണ അടൂർ പ്രകാശിനെതിരെ മത്സരിച്ച ആർ.സനൽകുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. യുവാക്കളെ പരിഗണിച്ചാൽ ഡി.വൈ.എഫ്.എെ മുൻ ജില്ലാ പ്രസിഡന്റ് കെ.യു.ജനീഷ് കുമാറിന് മുൻഗണന ലഭിച്ചേക്കും.
എൻ.ഡി.എയിൽ
വോട്ടുനേട്ടം മൂന്നിരട്ടി വർദ്ധിപ്പിച്ച് ഇടതു, വലതു മുന്നണികളോളം എത്തിയ എൻ.ഡി.എ ഇത്തവണ പ്രമുഖനെ രംഗത്തിറക്കും. ബി.ജെ.പി സംസ്ഥാന നേതാക്കളായ എം.ടി രമേശ്, കെ.സുരേന്ദ്രൻ, പി.സുധീർ എന്നിവരുടെ പേരുകൾ ഉയരാനിടയുണ്ട്. ജില്ലാ ഭാരവാഹികൾ മത്സരിച്ചാൽ അശോകൻ കുളനട, ഷാജി ആർ. നായർ എന്നിവർ പട്ടികയിൽ വന്നേക്കാം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാനും സാധ്യതയുണ്ടെന്ന് കേൾക്കുന്നു.