കോട്ടയം: തമിഴ്‌ലോബി പിടിമുറുക്കിയതോടെ നഷ്ടം സഹിക്കാനാവാതെ ജില്ലയിലെ കോഴിക്കർഷകർ കളമൊഴിഞ്ഞു. സ്വന്തമായി വില കുറച്ചും കൂട്ടിയുമുള്ള തമിഴ്‌നാട് ലോബിയുടെ കളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെയാണ് കർഷകർ കൂടൊഴിഞ്ഞത്. ഇപ്പോൾ സ്വന്തം നിലയിൽ കോഴികൃഷി നടത്തുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമായി.
വേനലവധിക്ക് മികച്ച കച്ചവടമാണ് സാധാരണ ലഭിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് വിലകുറച്ച് വിലകുറച്ച് തമിഴ്‌നാട് ലോബി ആധിപത്യം പുലർത്തിയതോടെ കർഷകർക്ക് പിടിച്ചു നിൽക്കാനായില്ല. ഇവിടെയുള്ള കർഷകർ കളമൊഴിഞ്ഞെന്ന് ഉറപ്പായതോടെ വിലകൂട്ടുകയും ചെയ്തു. സീസണിൽ 65 രൂപയ്ക്ക് വരെ കോഴിയെ കിട്ടിയിരുന്നെങ്കിൽ അത് 125 ആയി ഉയർന്നു. ഒരാഴ്ചയ്ക്കുള്ളിൽ 10 രൂപവരെയാണ് കൂടിയത്.
1000 കർഷകർ ആവിയായി
ജില്ലയിൽ ആയിരം കോഴി കർഷകർ ഉണ്ടായിരുന്നു. തമിഴ്ലോബിയുടെ കളിയിൽ ഇവരെല്ലാ സ്വന്തംകൃഷി നിറുത്തി. ലക്ഷങ്ങൾ മുടക്കി ഫാം തുടങ്ങിയവരെല്ലാം പെരുവഴിയിലായി. ചിലരാവട്ടെ കമ്മീഷൻ വ്യവസ്ഥയിൽ കോഴിയെ വളർത്തി കൊടുക്കുകയാണ്.
പിടിച്ചു നിൽക്കാനാവില്ല
കോഴിക്കുഞ്ഞുങ്ങൾക്ക് 50-55 രൂപ വരെ
50 കിലോ കോഴി തീറ്റയ്ക്ക് 1750 രൂപ വില
രണ്ട് കിലോ കോഴി വളരാൻ 3.50 കിലോ തീറ്റവേണം
എല്ലാവരും ഉപേക്ഷിച്ചു
''ഞാൻ 20,000 കോഴികളെ വരെ വളർത്തി വിറ്റിരുന്നതാണ്. എല്ലാം ഉപക്ഷിച്ചു. കമ്പനിക്ക് വേണ്ടി കമ്മീഷൻ വ്യവസ്ഥയിൽ കോഴിയെ വളർത്തിയിരുന്നെങ്കിലും അതും നിറുത്തി.'''
ബെന്നിക്കുട്ടി, മുൻ കർഷകൻ