pj-joseph
PJ JOSEPH

കോട്ടയം: നേതൃസ്ഥാനത്തിനായി മത്സരം രൂക്ഷമായ കേരള കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന് വഴിയൊരുക്കി പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ ജോസ് കെ. മാണി വിഭാഗം അടിയന്തര സംസ്ഥാന കമ്മിറ്റി വിളിക്കുന്നു.

ജൂൺ ഒമ്പതിനു മുമ്പ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറയിക്കണമെന്ന് നിയമസഭാ സ്‌പീക്കർ നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ നീക്കം. പിന്നീട് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഭൂരിപക്ഷ തീരുമാനപ്രകാരം നിയമസഭാ കക്ഷി നേതാവിനെയും തിരഞ്ഞെടുക്കും.

താത്‌കാലിക ചെയർമാനായ പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റിയോ പാർലമെന്ററി പാർട്ടി യോഗമോ വിളിക്കൻ തയ്യാറാകാത്ത സാഹചര്യത്തിൽ സ്പീക്കറുടെ നിർദ്ദേശം തങ്ങൾക്ക് സഹായകമായെന്ന് ജോസ് കെ. മാണി വിഭാഗത്തിലെ പ്രമുഖ നേതാവ് പറഞ്ഞു. ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് തിരുവനന്തപുരം കോടതി പരിഗണിക്കാനിരിക്കുകയാണ് . കോടതി നിലപാട് അറിഞ്ഞ ശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള തീയതി നിശ്ചയിക്കും. അതേ സമയം ചെയർമാന്റെ ചുമതല വഹിക്കുന്ന പി.ജെ.ജോസഫ് അറിയാതെ കമ്മിറ്റി വിളിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാകുമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

പാർലമെന്ററി പാർട്ടി ചേരാതെ, പി.ജെ.ജോസഫിനെ ലീഡറായി അംഗികരിക്കുന്ന കത്ത് ജോസഫിനൊപ്പമുള്ള ഏക എം.എൽ.എ മോൻസ് ജോസഫ് സ്‌പീക്കർക്കു നൽകിയതാണ് ജോസ് വിഭാഗത്തെ ചൊടിപ്പിച്ചത്. പാർട്ടിയുടെ മറ്റ് എം.എൽ.എമാരെ അറിയിക്കാതെയുള്ള നീക്കം അച്ചടക്ക ലംഘനമായി കണ്ട് നടപടിക്കൊരുങ്ങുകയാണ് ഇവർ.

റോഷി അഗസ്റ്റിൻ എം.എൽ.എയെ മുന്നിൽ നിറുത്തി മോൻസിനെതിരെ പോർമുഖം തുറന്നിരിക്കുകയാണ് ജോസ് കെ. മാണി വിഭാഗം

പാർട്ടിയിൽ ഭൂരിപക്ഷമില്ലെങ്കിലും താത്‌കാലിക ചെയർമാൻ സ്ഥാനം കൈക്കലാക്കിയ ജോസഫ്, മോൻസിനെ കൂടെ നിറുത്തി ലീഡർ സ്ഥാനം കൈക്കലാക്കി പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് വിഭാഗം ആരോപിക്കുന്നു. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടേയും പിൻബലമുണ്ടായിട്ടും പാർട്ടി നേതൃത്വം കൈവിട്ടു പോകുമെന്നു മനസിലാക്കി, ജോസഫ് വിഭാഗത്തെ വെട്ടിനിരത്താനാണ് ജോസ് വിഭാഗത്തിന്റെ നീക്കം.