kathu
ജൂൺ 9ന് മുംപ് ലീഡറെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർ റോഷി അഗസ്ററിന് നൽകിയ മറുപടി കത്ത് .

കോട്ടയം: ചെയർമാനെയും പാർട്ടി ലീഡറെയും തിരഞ്ഞെടുക്കുന്നതിന് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ട് താത്കാലിക ചെയർമാനായ പി.ജെ. ജോസഫിന് ജോസ് കെ. മാണി വിഭാഗം ഇന്ന് കത്ത് നൽകിയേക്കും. പാർട്ടി ഭരണഘടനപ്രകാരം ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടാൽ സംസ്ഥാന കമ്മിറ്റി വിളിക്കാൻ ചെയർമാൻ നിർബന്ധിതനാകും.

സംസ്ഥാന കമ്മിറ്റിയിലെ മൂന്നിൽ രണ്ടിലേറെ അംഗങ്ങളും ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും ഒപ്പിട്ട കത്ത് ഇതിനായി തയ്യാറാക്കിയെന്നാണ്‌ അറിയുന്നത്. ജോസഫ് വിഭാഗത്തിലെ ചില അംഗങ്ങളും കത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നാണ് സൂചന.

ജൂൺ ഒമ്പതിന് മുമ്പ് പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുത്തറിയിക്കണമെന്ന സ്പീക്കറുടെ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് നൽകുന്നത്. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്നലെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കാതെ ജൂലായിലേക്ക് മാറ്റിയതും കമ്മിറ്റി വിളിക്കാൻ കാരണമായി. ജോസ് വിഭാഗത്തിനുവേണ്ടി റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ കത്തിൽ ഭരണഘടന അനുസരിച്ച് ചെയർമാന്റെ അദ്ധ്യക്ഷതയിലാണ് ലീഡറെ തിരഞ്ഞെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. റോഷിക്കുള്ള മറുപടിയിൽ സ്പീക്കറും ഇക്കാര്യം അംഗീകരിച്ചത് ജോസ് വിഭാഗത്തിന് ബലമായി.

ചെയർമാന്റെ ചുമതലയുള്ള പി.ജെ. ജോസഫോ ഓഫീസ് ചുമതലയുള്ള ജോയ് എബ്രഹാമോ ആണ് സംസ്ഥാന കമ്മിറ്റി വിളിക്കേണ്ടത്. ഇരുവരുമല്ലാതെ മറ്റുള്ളവർ കമ്മിറ്റി വിളിച്ച് തീരുമാനമെടുത്താൽ ഭരണഘടനപ്രകാരം അവർക്കെതിരെ നടപടി എടുക്കാൻ കഴിയുമെന്നാണ് ജോസഫിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

പി.ജെ. ജോസഫിന്റെ നീക്കം?​

സമവായത്തിലൂടെ ചെയർമാനെ തിരഞ്ഞെടുത്തശേഷം സംസ്ഥാന കമ്മിറ്റി വിളിക്കാമെന്ന നിലപാടിലാണ് ഇപ്പോഴും പി.ജെ. ജോസഫ്. ചെയർമാൻ കേസ് ജൂലായിലേക്ക് മാറ്റിയ സാഹചര്യത്തിൽ അതുവരെ താത്കാലിക ചെയർമാൻ സ്ഥാനത്തു തുടരാമെന്നതിനാൽ കമ്മിറ്റി വിളിക്കാതിരിക്കാം എന്നും ജോസഫ് വിഭാഗം കരുതുന്നു.

ജോസ് കെ. മാണിയുടെ നീക്കം?​

സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായപ്രകാരം ചെയർമാൻ വരട്ടെ എന്ന നിലപാടിലാണ് ജോസ് വിഭാഗം. പി.ജെ. ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കാതിരുന്നാൽ, ജോസ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച്‌ ജോസ് കെ. മാണിയെ ചെയർമാനായും തുടർന്ന് ചെയർമാന്റെ അദ്ധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി കൂടി ലീഡറെയും തിരഞ്ഞെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തോമസ് ചാഴികാടൻ എം.പിയായതോടെ പാർലമെന്ററി പാർട്ടിയിലും ഭൂരിപക്ഷം തങ്ങൾക്കായെന്നും അവർ പറയുന്നു.

സമവായ സാദ്ധ്യത മങ്ങി

ഫ്രാൻസിസ് ജോർജ് വിഭാഗം വിട്ടുപോയതോടെ ശോഷിച്ച ജോസഫ് വിഭാഗത്തിന് പാർട്ടിയിലെ ഉന്നത സ്ഥാനങ്ങൾ അവകാശപ്പെടാൻ അർഹതയില്ലെന്ന നിലപാടിൽ ഔദ്യോഗിക വിഭാഗം ഉറച്ചുനിൽക്കുന്നതിനാൽ സമവായ സാദ്ധ്യത മങ്ങി. ജോസഫിനെ ഇനിയും ഉൾക്കൊള്ളണമെന്ന് വാദിക്കുന്നവർ അനഭിമതരാകുമെന്നതിനാൽ സമവായത്തിന് ആരും ഇപ്പോൾ ശ്രമിക്കുന്നുമില്ല.