dalavakulam

വൈക്കം : ദളവാക്കുളത്ത് ബസ് കയറാനെത്തുന്നവർ ഈ മഴക്കാലവും നനയണം. ബസ് ടെർമിനലിലെ കാത്തിരുപ്പ് കേന്ദ്രം ഇനിയും പൂർത്തിയായില്ല. ബസ് ടെർമിനൽ പുർത്തിയാക്കാത്തതിനാൽ മഴയും വെയിലും കൊണ്ട് വേണം ബസ് കാത്തുനിൽക്കാൻ. നഗരസഭയുടെ ദളവാക്കുളം ബസ് ടെർമിനലിൽ കയറിയാണ് വൈക്കത്തെത്തുന്ന എല്ലാ സ്വകാര്യ ബസ്സുകളും നഗരത്തിലൂടെ കടന്നുപോവുക. കെ എസ് ആർ ടി സി ബസ്സുകളും ബസ് ടെർമിനലിന് മുന്നിൽ ആളെ ഇറക്കി, കയറ്റിയാണ് പോവുക. ഇവിടെ യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതെ ബസ് കാത്തുനിൽക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. അതിന് പരിഹാരമായാണ് നഗരസഭ കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിട്ടത്. 20 ലക്ഷം രൂപയുടേതാണ് പദ്ധതി. ബസ് ടെർമിനലിലേക്കും റോഡിലേക്കും അഭിമുഖമായാണ് കാത്തിരുപ്പ് കേന്ദ്രം. സർക്കാർ ഏജൻസിയായ സിൽക്കിന് മാസങ്ങൾക്ക് മുൻപ് നിർമ്മാണ ചുമതലയും കൈമാറി. പക്ഷേ ഇത്ര നാളായിട്ടും ആംഗ്ലയറുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. വേനലിൽ വെയിൽ കൊള്ളാതെ കയറി നിൽക്കാനിടമായെന്ന് ആശ്വസിച്ച യാത്രക്കാർക്ക് അത് ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, കാത്തിരുപ്പ് കേന്ദ്രം പണിയാനായി അവിടെ നിന്നിരുന്ന ചെറുമരങ്ങൾ മുറിച്ചു നീക്കിയതിനാൽ ഉണ്ടായിരുന്ന തണൽകൂടി ഇല്ലാതായി. കുടാതെ ടെർമിനൽ പണിയുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മണലും കട്ടകളും കാരണം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മഴക്കാലം തുടങ്ങുന്നതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകും. എത്രയും വേഗം ടെർമിനലിന്റെ പണിപൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

അനൂപ്. വി.

(നഗരസഭാ കൗൺസിലർ)

സർക്കാർ എജൻസിയായ സിൽക്ക് ജനങ്ങളോട് കുറേക്കൂടി പ്രതിബദ്ധത കാട്ടണം. വരുന്ന മഴയ്ക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കുന്നതിന് നഗരസഭ അടിയന്തിരമായി ഇടപെടണം.

വെയിലിലും മഴയിലും കയറിനിൽക്കാൻ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇടമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.