kob-anilkumar

പാലാ : നാട്ടിൽ എല്ലാവർക്കും ഭാഗ്യം വീതിച്ചു നൽകിയ 'ലോട്ടറി അനിൽ ' (തിരുവോണം അനി) വിടവാങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലാ ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചിന് സമീപം നിരപ്പേൽ വി.ജി അനിൽകുമാർ (48) മരണത്തിന് കീഴടങ്ങിയത്. ഒരു പതിറ്റാണ്ട് മുമ്പാണ് അനിൽകുമാർ ലോട്ടറി രംഗത്തേക്ക് പ്രവേശിച്ചത്. ആദ്യകാലത്ത് പാലാ ടൗൺ ബസ് സ്റ്റാൻഡിലെ ബസുകളിൽ കയറിയിറങ്ങിയായിരുന്നു കച്ചവടം.

നിരവധി തവണ ഒന്നാം സമ്മാനം തേടിയെത്തിയതോടെ അനിൽകുമാർ ഭാഗ്യാന്വേഷികൾക്ക് ലോട്ടറി അനിലായി.

അധികം താമസിയാതെ പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട, വൈക്കം, രാമപുരം എന്നിവിടങ്ങളിൽ അനിൽ 'തിരുവോണം ലക്കി സെന്റർ' എന്ന പേരിൽ ലോട്ടറി കടകൾ ആരംഭിച്ചു. അടുത്ത കാലത്ത് 24 ദിവസത്തിനിടെ മൂന്ന് തവണയാണ് അനിൽകുമാറിനെ തേടി കേരള ലോട്ടറിയുടെ ഒന്നാം സമ്മാനമെത്തിയത്. ഭാഗ്യദേവത തുടരെ തുടരെ കടാക്ഷിച്ചതോടെ അനിൽകുമാറിൽ നിന്ന് ലോട്ടറി എടുക്കാൻ മറ്റ് ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു. നിലവിൽ അഞ്ഞൂറോളം ചെറുകിട ലോട്ടറി തൊഴിലാളികളാണ് അനിൽകുമാറിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നത്. ഭാര്യ : ഉഷ. മക്കൾ : അനീഷ, അനീഷ്. മരുമകൻ : ഗിരീഷ്. സംസ്‌ക്കാരം നടത്തി. ലോട്ടറി അനിയുടെ നിര്യാണത്തിൽ ജോസ്. കെ.മാണി എം.പി, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ കുടക്കച്ചിറ, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, മാണി.സി. കാപ്പൻ, അഡ്വ. ബിനു പുളിക്കക്കണ്ടം, പി.എം. ജോസഫ്, അഡ്വ. സണ്ണി ഡേവിഡ് തുടങ്ങിയവർ അനുശോചിച്ചു.