കോട്ടയം : നഗരസഭ റവന്യു വിഭാഗത്തിലെ ക്ലർക്കിനെ കൈക്കൂലിയുമായി പിടികൂടിയത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം. നഗരസഭയുടെ നാട്ടകം സോണിലെ റവന്യു വിഭാഗം ക്ലർക്കിനെ 12,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത് നാണക്കേടായെന്നും കൗൺസിലർമാർ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിന് പല മാർഗങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രേഖാമൂലം പരാതി നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അറിയിച്ചു.
ഇതിനിടെ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന വളംസംഭരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനു നഗരസഭ കൗൺസിൽ തീരുമാനിച്ചു. വളം ഡിപ്പോയ്‌ക്കെതിരായി നേരത്തെ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ചിരുന്നു. പ്രളയകാലത്ത് ഗോഡൗൺ വെള്ളത്തിൽ മുങ്ങിയിരുന്നു. വളം മുഴുവനും വെള്ളത്തിൽ കലർന്ന് പ്രദേശത്തെ കിണറുകളും, കുളങ്ങളും അടക്കമുള്ളവ മലിനമായിരുന്നു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്. തുടർന്ന് താല്‌കാലികമായി വളം ഗോഡൗൺ അടച്ചു പൂട്ടാൻ നിർദ്ദേശിച്ചു. ഗോഡൗണിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായി ലഭിച്ച അപേക്ഷ നേരത്തെ നഗരസഭ സെക്രട്ടറി നിഷേധിച്ചിരുന്നു. വളം സംഭരണ കേന്ദ്രം അഭിഭാഷകൻ ന്യായവാദങ്ങൾ നിരത്തിയെങ്കിലും കൗൺസിൽ അംഗീകരിച്ചില്ല. അതേസമയം, ജനവാസമില്ലാത്ത മറ്റുമേഖലയിൽ വളംസംഭരണ കേന്ദ്രം പ്രവർത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.