കോട്ടയം: അഞ്ചു വർഷത്തിനുള്ളിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത എം.പി തോമസ് ചാഴികാടൻ കോട്ടയം പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തിൽ പറഞ്ഞു .
കുടിവെള്ളം, റോഡുകൾ, വെളിച്ചം തുടങ്ങിയ അടിസ്ഥാന പ്രശ്ന പരിഹാരത്തിന് പ്രാമുഖ്യം നൽകും. എം.പി.ഫണ്ട് ഇതിനായിരിക്കും കൂടുതൽ വിനിയോഗിക്കുക.
ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കാൻ കാരണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമോ കെ.എം.മാണി സഹതാപതരംഗമോ മാത്രമായി കരുതുന്നില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് കോട്ടയത്ത് ഉണ്ടായത്. വൈക്കം ഒഴിച്ച് മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം ഇതാണ് തെളിയിക്കുന്നത്. വിശ്വാസ സംരക്ഷണകാര്യത്തിൽ ഇടതു സർക്കാരിനെതിരെ ശബരിമലയുടെ പേരിലുള്ള വോട്ടും കിട്ടിയതായി കരുതുന്നു.
ജോസ് കെ. മാണി എം.പി നടപ്പാക്കിവരുന്ന പദ്ധതികളുടെ പൂർത്തീകരണത്തിന് മുൻ ഗണന നൽകും. കുമരകത്തെ പ്രമുഖ ടൂറിസ കേന്ദ്രമായി ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകും. കായൽ ടൂറിസത്തിനു പുറമേ പിൽഗ്രീം ടൂറിസത്തിനും പ്രാധാന്യം നൽകും.
കോട്ടയം മെഡിക്കൽ കോളേജ് , ഡന്റൽ കോളേജ്. കുട്ടികളുടെ ആശുപത്രി എന്നിവ സമന്വയിപ്പിച്ച് അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രമാക്കും.
കോട്ടയം വഴിയുള്ള റെയിൽ പാത ഇരട്ടിപ്പിക്കലിൽ ശേഷിക്കുന്ന ഭാഗങ്ങളുടെ പൂർത്തീകരണത്തിന് പ്രാമുഖ്യം നൽകും. ജില്ലയിലെ വിവിധ റെയിൽവേസ്റ്റേഷനുകൾ നവീകരിക്കും. മാഞ്ഞൂർ മുളന്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ മേൽപ്പാലം തീർക്കും.
വിദ്യാഭ്യാസ മേഖലയിലെ വികസനവും യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിനും ജോസ് കെ മാണി തുടങ്ങിവച്ച ട്രിപ്പിൾ. ഐ.ടി, ഐ,എം.സി, സയൻസ് സിറ്റി, എന്നിവയുടെ തുടർ വികസനത്തിന് വേണ്ടത് ചെയ്യും. വൺ എം.പി വൺ ഐഡിയ പദ്ധതി തുടരും. കോട്ടയത്തെ റോഡുകളുടെ വികസനത്തിന് കേന്ദ്ര റോഡ് ഫണ്ട് കൂടുതൽ ലഭ്യമാക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി ചേർന്ന് കോട്ടയം നിയമസഭാ മണ്ഡലത്തിലെ വികസനത്തിന് കൂടുതൽ പരിഗണന നൽകും. കോടിമത മൊബിലിറ്റി ഹബ് യാഥാർത്ഥ്യമാക്കും. ഇടതു സർക്കാർ ഫണ്ട് അനുവദിക്കാതെ പാതി വഴിയിൽ മുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിന് ശ്രമിക്കും.
കേന്ദ്രത്തിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കേന്ദ്രഫണ്ട് കേരളത്തിലെ എം.പിമാർക്ക് നേടിയെടുക്കാനാവില്ലെന്ന് കരുതുന്നില്ല. ബി.ജെ.പി എം.പിമാർ കേരളത്തിൽ നിന്ന് ഇല്ലെന്നു വച്ച് കേരളത്തോട് അവഗണന കാണിക്കാൻ ഒരു സർക്കാരിനും കഴിയില്ല. കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്ത് ജോസ് കെ. മാണിക്ക് വികസന പദ്ധതികൾ കൊണ്ടു വരാൻ കഴിഞ്ഞത് ഇതിന്റെ തെളിവാണ്.
പി.ജെ.ജോസഫിന് പകരം തന്നെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കിയതാണ് കേരളകോൺഗ്രസിലെ പുതിയ പ്രതിസന്ധിക്ക് തുടക്കമെന്നു കരുതുന്നില്ല. കെ.എം.മാണിയുടെ കാലത്ത് സമവായത്തിലൂടെ എല്ലാ പ്രതിസന്ധിയും പരിഹരിച്ചിരുന്നു. പാർട്ടിയിലെ ഇപ്പോഴത്തെ പ്രതിസന്ധിയും സമവായത്തിലൂടെ പരിഹരിക്കപ്പെടും