പൊൻകുന്നം : വിശാലമായ നടപ്പാതയുണ്ട്, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. കാൽനടയാത്രക്കാർക്ക് റോഡിലേക്കിറങ്ങി നടക്കാനാണ് വിധി. നടപ്പാത കൈയേറിയുള്ള കച്ചവടവും അനധികൃത പാർക്കിംഗുമാണ് വഴിയാത്രക്കാർക്ക് വിനയായത്. പൊൻകുന്നം ടൗണിന്റെ പലഭാഗങ്ങളിലും ദേശീയപാതയോരത്ത് കടകളിൽ നിന്നുള്ള സാധനങ്ങൾ നടപ്പാതയിലാണ് പ്രദർശിപ്പിക്കുന്നത്. കൂടാതെ ബോർഡുകളും നടപ്പാത അടച്ച് വയ്ക്കുന്നവരുണ്ട്. രാവിലെ കടയ്ക്ക് മുൻപിൽ നടപ്പാതയിൽ നിറുത്തിയിടുന്ന വാഹനങ്ങൾ രാത്രിയിലാണ് മാറ്റുന്നത്. ഇതെല്ലാം വഴിയാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നു പോകുന്ന റോഡിലൂടെ ഭീതിയോടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. നടപ്പാത കൈയേറ്റത്തിനെതിരെ പൊലീസും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.