ഏഴാച്ചേരി : വലിയ തോട്ടിലെ അരക്കിലോമീറ്റർ ഭാഗത്തു നിന്ന് ശേഖരിച്ചത് അമ്പത് ചാക്കോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ. തോട്ടിലും നാട്ടിലും നിന്നുമായി ഏഴാച്ചേരി സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബ് പ്രവർത്തകർ ശേഖരിച്ച നൂറിൽപ്പരം ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രാമപുരം പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങി. ഏഴാച്ചേരി 'വല്യതോടിന് വല്യാദരം' പരിപാടിയുടെ ഭാഗമായാണ് തോട്ടിലിറങ്ങി മാലിന്യം ശേഖരിയ്ക്കൽ തുടങ്ങിയത്. മൂന്നു ഘട്ടങ്ങളിലായായിരുന്നു ശുചീകരണം.

വഴിയിലും വീടുകളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രവർത്തകർ ശേഖരിച്ചു. വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് സ്റ്റോണേജ് ക്ലബ് അങ്കണത്തിൽ എത്തിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു. 50 ചാക്ക് നിറയെ മാലിന്യങ്ങളാണ് ഇങ്ങനെ ശേഖരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നും മാലിന്യങ്ങൾ വാരിക്കൂട്ടി. രാമപുരം പഞ്ചായത്ത് മെമ്പർമാരായ സോണി ജോണി , ഷൈനി സന്തോഷ്, എം.ഒ. ശ്രീക്കുട്ടൻ എന്നിവരുടെ പിന്തുണയോടെ ഈ മാലിന്യങ്ങൾ രാമപുരം പഞ്ചായത്ത് അധികാരികൾ ഏറ്റെടുക്കുകയായിരുന്നു. ഏഴാച്ചേരിയോടൊപ്പം രാമപുരം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയ്ക്ക് ഇന്നലെത്തന്നെ കൈമാറിയതായി രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പറഞ്ഞു. സ്റ്റോണേജ് ക്ലബിന്റെ നേതൃത്വത്തിൽ ഏഴാച്ചേരിയിൽ നടന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് ഭാരവാഹികളായ കെ.അലോഷ്യസ്, വി.ജി. ചന്ദ്രൻ , അനിൽകുമാർ അനിൽ സദനം, സതീഷ് താഴത്തുരുത്തിയിൽ, ജോണി പള്ളിയാരടിയിൽ, വിജയകുമാർ ചിറയ്ക്കൽ, മനോജ് പുത്തൻപുര തുടങ്ങിയവർ നേതൃത്വം നൽകി.