പാമ്പാടി : പാമ്പാടി - തോട്ടയ്ക്കാട് റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും റോഡിനിരുവശത്തും ഓടയില്ലാതെ കോൺക്രീറ്റ് ചെയ്തു നടപ്പാത നിർമ്മിക്കുന്നതിൽ പ്രതിഷേധം. മഴപെയ്താൽ വെള്ളം ഏതുവഴി ഒഴുകി പോകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. വർഷകാലമാകുന്നതോടെ വിവിധ സ്ഥലങ്ങളിലെ മാലിന്യങ്ങൾ ഉൾപ്പെടെ വെള്ളത്തിനൊപ്പം റോഡിൽ എത്തിച്ചേരും. കാലങ്ങളോളം മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം മാസങ്ങൾ എടുത്താണ് പൂർത്തിയാക്കിയത്. ദിവസങ്ങൾക്ക് മുൻപാണ് കാളച്ചന്ത പാലത്തിലൂടെ വാഹനങ്ങൾ കയറ്റി വിടാൻ തുടങ്ങിയത്. ടാറിംഗിനൊപ്പം ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. വീടുകളിലേക്കു പ്രവേശിക്കുന്നതിനു നിലവിലുള്ള ഓടകൾക്കും മുകളിലുള്ള സ്ലാബുകൾക്കു താഴെ വശത്തു കൂടി വെള്ളം ഒഴുകി പോകാതെ ഉയരത്തിലാണ് നിർമ്മാണം. സമീപത്തെ പറമ്പുകളിൽ നിന്നുള്ള വെള്ളം റോഡിലൂടെ നിരന്നൊഴുകും. ശിവദർശന സ്‌കൂളിന് സമീപമുള്ള കലുങ്ക് നിർമ്മാണത്തിലും അപാകതയുണ്ടെന്നാണ് ആക്ഷേപം. സിഗ്‌നൽ സംവിധാനവും സ്ഥാപിക്കണം.