കുറവിലങ്ങാട് :മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെ പാറയ്ക്കൽ സിബിയുടെ മരണം അന്വേഷിക്കുന്ന ഡി. ശ്രീവല്ലഭൻ ജുഡിഷ്യൽ കമ്മിഷൻ മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷൻ, പ്രാഥമീകാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ തെളിവെടുത്തു.
2015 ജൂൺ 29 ന് മരങ്ങാട്ടുപിള്ളി പി.എച്ച്.സി.കോമ്പൗണ്ടിൽ നിന്ന് പിടികൂടി സ്റ്റേഷനു പിൻഭാഗത്ത് സിബിയെ കൊണ്ടിട്ട സ്ഥലം, രക്തക്കറ കണ്ട ലോക്കപ്പ്, കമ്പ്യൂട്ടർ റൂം, റൈട്ടറുടെ മുറി, സിബിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയ എസ്.ഐ യുടെ ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങൾ കമ്മിഷൻ പരിശോധിച്ചു.
തുടർന്ന് മരങ്ങാട്ടുപിള്ളി ആശുപത്രിയിലെത്തിയ കമ്മിഷൻ സിബിയെ പൊലീസ് പിടികൂടിക്കൊണ്ടുപോയ സ്ഥലം, ചെരുപ്പ് കണ്ടെടുത്ത സ്ഥലം, 16 കാരനുമായി സംഘർഷമുണ്ടായ പ്രദേശം എന്നിവിടങ്ങൾ കണ്ടു. ആശുപത്രിരേഖകളും പരിശോധിച്ചു. സിബിയുടെ വീട്ടിലേക്കുള്ള വഴിയെ കാൽനടയായി സഞ്ചരിച്ചു . സിബിയുടെ അമ്മ ലീലയും സംഭവത്തിലുൾപ്പെട്ട 16 കാരന്റെ അമ്മയും ഹാജരായിരുന്നു. കമ്മീഷനെ സഹായിക്കാൻ നിയോഗിച്ച അഡ്വ.ബിനാ എം സുലൈമാൻ, അഡ്വ .ഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.