ഏറ്റുമാനൂർ : വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അജിത്ത് ജോർജ് ഇന്നലെ ഏറ്റുമാനൂരിലെത്തിയതായി സൂചന. രാവിലെ 11 ഓടെയാണ് അജിത്ത് ജോർജ് ഇതേ കേസിൽ പിടിയിലായ ഒന്നും രണ്ടും പ്രതികളായ ഫിജോ ജോസഫ്, ഹാരിസ് എന്നിവരോടൊപ്പം ഇന്നോവ കാറിൽ ഏറ്റുമാനൂരിലൂടെ യാത്രചെയ്യുന്നത് നാട്ടുകാർ കണ്ടത്. എറണാകുളം ഭാഗത്ത് നിന്നു എത്തിയ ഇവർ പൊലീസ് സ്‌റ്റേഷന് മുൻപിലെ കുരുക്കിൽ കുടുങ്ങിയതോടെയാണ് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഹാറ്റ് കോർപ്പറേറ്റ് സ്ഥാപനത്തിലും ഇവരെത്തിയതായാണ് പറയുന്നത്. നാട്ടുകാർ തിരിച്ചറിഞ്ഞതായി മനസിലാക്കിയ ഇവർ പൊലീസ് എത്തും മുൻപെ രക്ഷപ്പെട്ടു.