jose-k-mani

കോട്ടയം: സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കാനുള്ള നീക്കം ഫലപ്രാപ്തിയിൽ എത്തിക്കും മുമ്പേ ചെയർമാന്റെ അധികാരമുപയോഗിച്ച് തന്ത്രപരമായും നിയമപരമായും പാർട്ടി പിടിച്ചെടുക്കാൻ ജോസഫ് വിഭാഗം കളത്തിലിറങ്ങി. ജോസഫിനെ ചെയർമാനായി തിരഞ്ഞെടുത്തുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയ ജോയ് എബ്രഹാമിന്റെ നടപടിക്കെതിരെ യൂത്ത് ഫ്രണ്ട് (എം)

പാലായിൽ പ്രതിഷേധ പ്രകടനം നടത്തി. ജോയ് എബ്രഹാമിന്റെ കോലം കത്തിച്ചു. പോരാട്ടം പതുക്കെ തെരുവിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണിത്.

പി.ജെ. ജോസഫിനെ കേരള കോൺ (എം) ചെയർമാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തെന്ന് കാണിച്ചാണ് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്. ജോസ് വിഭാഗം ഇനി സംസ്ഥാന കമ്മിറ്റി വിളിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കുന്നത് നിയമപരമായി വിമത നീക്കമായി കണ്ട് നടപടി എടുക്കാൻ ജോസഫിന് ഇതുവഴി കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ച് എം.എൽ.എമാരിൽ പി.ജെ.ജോസഫിനും മോൻസ് ജോസഫിനു പുറമേ സി.എഫ്. തോമസിന്റെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവർത്തിക്കുന്നത്.

പാർട്ടി ഭരണഘടന പ്രകാരം സാങ്കേതികമായി ജോസഫിനെ ഒതുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജോസ് വിഭാഗം. ചെയർമാനും ജനറൽ സെക്രട്ടറിയും മറുപക്ഷത്ത് നിൽക്കുന്നതിനാൽ സംസ്ഥാന കമ്മിറ്റി വിളിച്ചാൽ വിമത പക്ഷമാകും. പാർട്ടി അംഗത്വവും കോട്ടയത്തെ സംസ്ഥാനകമ്മിറ്റി ഓഫീസടക്കമുള്ള സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

ഭൂരിപക്ഷമില്ലാത്തതിനാൽ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി ഉന്നതാധികാര സമിതി, പാർലമെന്ററി പാർട്ടി എന്നിവ വിളിക്കാൻ ജോസഫ് വിഭാഗം നീക്കം തുടങ്ങി. കോട്ടയത്ത് ജോസ് വിഭാഗം ശക്തമായതിനാൽ അടുത്താഴ്ച കൊച്ചിയിലാകും യോഗം വിളിക്കുക. ന്യൂട്രലിൽ നിൽക്കുന്ന ഡെപ്യൂട്ടി ലീഡർ സി.എഫ്. തോമസിന് ലീഡർപദവി നൽകാനും ധാരണയായതായി അറിയുന്നു.

ജോസഫിന്റെ നീക്കം പൊളിക്കാൻ ജോസ് കെ. മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന കമ്മിറ്റി കൂടി ജോസഫിനെ തിരഞ്ഞെടുക്കാത്തതിനാൽ ജോസഫാണ് ചെയർമാനെന്ന ജോയ് എബ്രഹാമിന്റെ കത്ത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ചെയർമാൻ പ്രശ്നം കോടതി പരിഗണനയിലായതിനാൽ കത്ത് കോടതി ഉത്തരവിന്റെ ലംഘനമെന്നും പരാതിയിൽ വിശദമാക്കുന്നു.