കടപ്ലാമമറ്റം : പൈപ്പ് പൊട്ടി ഒരാഴ്ചയിലേറെയായി കുടിവെള്ള വിതരണം മുടങ്ങിയതോടെ കടപ്ലാമറ്റം പഞ്ചായത്തിലെ നാനൂറിലേറെ കുടുംബങ്ങൾ ദുരിതത്തിൽ. വാട്ടർ അതോറിട്ടിയുടെ കടപ്ലാമറ്റം ഇട്ടിയപ്പാറ ഭാഗത്തെ വിതരണ പൈപ്പാണ് പൊട്ടിയത്. ഇട്ടിയപ്പാറ ഭാഗത്ത് കലുങ്കിനടിയിലാണ് തകരാറുള്ളത്. അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പ്രത്യേക ബെൻഡ് വേണമെന്നും അത് അടുത്ത ദിവസം തന്നെ എത്തിക്കുമെന്നാണ് വാട്ടർ അതോറിട്ടിയുടെ വിശദീകരണം. കുമ്മണ്ണൂർ ഭാഗത്ത് മീനച്ചിലാറ്റിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളമാണ് പൈപ്പ് വഴി കടപ്ലാമറ്റം, ഇലയ്ക്കാട് ഭാഗങ്ങളിൽ എത്തിക്കുന്നത്. പഞ്ചായത്തിലെ ആറ് ചെറുകിട ജലവിതരണ പദ്ധതികളിലേക്കും വെള്ളം വാങ്ങുന്നത് ഇവിടെ നിന്നാണ്. ജലനിധി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പദ്ധതികൾക്ക് സ്വന്തമായി ജലസ്രോതസില്ല. പൈപ്പ് പൊട്ടിയതോടെ പദ്ധതി വഴിയുള്ള വെള്ളവും നിലച്ചു.

പൈപ്പിന്റെ തകരാർ പരിഹരിച്ച് ജലവിതരണം പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം.