വൈക്കം: ഉന്നതമായ കാഴ്ചപ്പാടും ദീർഘവീക്ഷണവുമുണ്ടായിരുന്ന ഡോ. എൻ.ആർ. മാധവമേനോൻ ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ. വൈക്കം ശ്രീ മഹാദേവ കോളേജിൽ വൈക്കം പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്, പ്രധാനമന്ത്രി തുടങ്ങി അധികാരത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും അതിന്റെയൊന്നും പേരിൽ അദ്ദേഹം മേനി നടിച്ചിരുന്നില്ല. മാധവമേനോന് ഏറ്റവും ആത്മബന്ധമുണ്ടായിരുന്ന വൈക്കത്ത് ഒരു ലോ കോളേജ് യാഥാർഥ്യമാക്കി അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും ബെഹ്‌റ പറഞ്ഞു. വൈക്കം നഗരസഭ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മഹാദേവ കോളേജ് പ്രിൻസിപ്പൽ ലീന നായർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഡോ. സി.ആർ. വിനോദ് കുമാർ, ഡി.ഇ.ഒ പി.കെ.ഹരിദാസ്, അക്കരപ്പാടം ശശി, പി.ജി. ബിജുകുമാർ, ഇ.വി. വരദരാജൻ, ബഷീർ പുത്തൻപുര, വാർഡ് കൗൺസിലർ എ.സി. മണിയമ്മ, മഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം. നായർ തുടങ്ങിയവർ സംസാരിച്ചു.