തലയോലപ്പറമ്പ് : വില്ലേജ് ഓഫീസിന് സമീപം കളഞ്ഞുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വില്ലേജ് ഓഫീസർ മാതൃകയായി. വടയാർ വില്ലേജ് ഓഫീസർ പി.ബി നാരായണൻകുട്ടിയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ വില്ലേജ് ഓഫീസിലെ സേവനങ്ങൾക്കായി എത്തിയ പള്ളിക്കവലയിലുള്ള വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. കളഞ്ഞുകിട്ടിയ പണം വില്ലേജ് ഓഫീസർ ഉടൻ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നഷ്ടപ്പെട്ട പണം അന്വേഷിച്ച് നടക്കുന്നതിനിടെ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച കാര്യം ഉടമ അറിയുന്നത്. തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി തുക കൈപ്പറ്റുകയായിരുന്നു.