കോട്ടയം: മാജിക് പഠിപ്പിക്കാനെന്ന പേരിൽ ബാലികയുടെ കൈയിൽ കടന്നു പിടിച്ചയാൾ കുട്ടികൾ ബഹളം വച്ചതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയതോടെ പ്രതിക്കായി പൊലീസ് ഉൗർജിത അന്വേഷണത്തിലാണ്.
ഇന്നലെ വൈകിട്ട് നാലരയോടെ തിരുവാതുക്കൽ എൻ.എസ്.എസ് കരയോഗത്തിനു സമീപമാണ് സംഭവം. പ്രദേശവാസികളായ ഏഴു കുട്ടികൾ സമീപത്തെ പുരയിടത്തിൽ കളിക്കുകയായിരുന്നു. ഈ സമയത്താണ് ഇതുവഴി ഒരു യുവാവ് എത്തിയത്. കുറേ നേരം ഫോൺ ചെയ്‌ത് മൈതാനത്ത് നടന്ന ഇയാൾ മാജിക് പഠിപ്പിക്കാമെന്നു പറഞ്ഞ് കുട്ടികൾക്കൊപ്പം കൂടി. ഇതിനിടെ ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈയിൽ ഇയാൾ പിടിച്ചു. ഈ കുട്ടിയും മറ്റുള്ളവരും ബഹളം വച്ചതോടെ ഇയാൾ പിടി വിട്ട് ബൈക്കിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് എസ്.എച്ച്.ഒ വി.എസ് പ്രദീപ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കുട്ടികളുടെ മൊഴിയെടുത്തു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസ് സംഘം പ്രതിയ്‌ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാൻ സാധിക്കില്ലെന്നും പരിസരത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴിയെടുത്തശേഷമേ തുടർ നടപടി സ്വീകരിക്കൂ എന്ന് സി ഐ അറിയിച്ചു.