പാലാ : വിവാഹ ശേഷം 'അച്ചാച്ചന്റെ ' ആശംസാകാർഡില്ലാതെ നിഷജോസ് കെ.മാണിയുടെ 'ആദ്യപിറന്നാൾ '. കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് മരുമകളായി കടന്നു വന്ന വർഷം മുതൽ എല്ലാ പിറന്നാളിനും നിഷയ്ക്ക് 'അച്ചാച്ചൻ ' (കെ.എം.മാണി ) ആശംസാ കാർഡ് കൈമാറിയിരുന്നു. 'ദൈവസ്‌നേഹം തുളുമ്പുന്നതോ, തത്വചിന്താപരമോ ആയ വാക്കുകളാണ് അച്ചാച്ചൻ, മനോഹരമായ ജന്മദിനാശംസ കാർഡിൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നത്. ഇതിനായുള്ള കാർഡുകൾ ചേച്ചിമാർ (ജോസ്. കെ. മാണിയുടെ സഹോദരിമാർ ) അച്ചാച്ചന് വാങ്ങിക്കൊടുത്തിരുന്നു. എനിക്ക് മാത്രമല്ല, എല്ലാ മക്കളുടേയും ജന്മദിനത്തിലും, വാർഷിക ദിനത്തിലും മറക്കാതെ അച്ചാച്ചൻ ആശംസാ കാർഡുകൾ കൈമാറിയിരുന്നു ' നിഷ പറഞ്ഞു. ഇന്നലെ രാവിലെ നിഷയും കുടുംബാംഗങ്ങളും കെ.എം. മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥിച്ചു. നിഷയ്ക്ക് രാവിലെ മുതൽ സുഹൃത്തുക്കളുടെ പിറന്നാൾ ആശംസാ പ്രവാഹമായിരുന്നു. മല്ലികശ്ശേരിയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കവെ പ്രവർത്തകർ കേക്ക് മുറിച്ചു നൽകിയതിൽ ഒതുങ്ങി ഇത്തവണത്തെ നിഷയുടെ പിറന്നാൾ ആഘോഷം. പ്രിയപ്പെട്ട അച്ചാച്ചനില്ലാത്ത ശൂന്യത ഓരോ വിശേഷ നിമിഷങ്ങളിലും തങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടെന്നാണ് നിഷയും കുടുംബാംഗങ്ങളും പറയുന്നത്.