kerala-congress

കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ അധികാരത്തർക്കം പി.ജെ.ജോസഫും ജോസ് കെ. മാണിയും നേരിട്ട്‌ കൊമ്പുകോർക്കുന്ന അവസ്ഥയിലെത്തി. ഇതോടെ ഇരുവിഭാഗവും പാർട്ടിയുടെ പിളർപ്പ് അംഗീകരിച്ചപോലുള്ള തുറന്നപോര്‌ കൂടുതൽ മുറുകി. അതേസമയം, ജോസ് വിഭാഗത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് ജോസഫ് നടത്തുന്നത്.

കോടതി പരിഗണനയിലുള്ള ചെയർമാൻ തിരഞ്ഞെടുപ്പ് കേസ് ആഗസ്റ്റ് മൂന്നിലേക്ക് മാറ്റിയ സാഹചര്യത്തിൽ സംസ്ഥാന കമ്മിറ്റി ഇപ്പോൾ വിളിക്കുന്നത് കോടതിയലക്ഷ്യമാകുമെന്ന് പ്രഖ്യാപിച്ച് ജോസ് വിഭാഗത്തെ കുടുക്കിലാക്കിയിരിക്കുകയാണ് ജോസഫ്. ജോസഫിനൊപ്പമുള്ള മോൻസ് ജോസഫ് എം.എൽ.എ ന്യൂസിലാൻഡിലേക്ക് പോയതോടെ പാർലമെന്ററി പാർട്ടി യോഗം വിളിക്കുന്നത് നീട്ടിവയ്ക്കേണ്ട സാഹചര്യവും വന്നു. ജൂൺ ഒമ്പതിന് മുമ്പ് ലീഡറെ തിരഞ്ഞെടുത്തറിയിക്കണമെന്ന് സ്പീക്കർ നിർദ്ദേശിച്ചെങ്കിലും മോൻസ് വിദേശത്തായതിനാൽ ഇത് നീട്ടിവയ്ക്കണമെന്ന് ലീഡറുടെ ചുമതല വഹിക്കുന്ന ജോസഫ് സ്പീക്കറെ അറിയിച്ചേക്കും. ജോസ് വിഭാഗം നൽകിയ കേസും മോൻസിന്റെ യാത്രയും പ്രയോജനപ്പെടുത്തി സംസ്ഥാന കമ്മിറ്റിയും പാർലമെന്ററി പാർട്ടി യോഗവും അടിയന്തരമായി വിളിക്കണമെന്ന ജോസ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാതെ തീയതി നീട്ടിക്കൊണ്ടു പോകാനും അതുവരെ ഇരു സ്ഥാനങ്ങളും ഒന്നിച്ചു വഹിച്ചു പാർട്ടിയിലെ അധികാരകേന്ദ്രമാകാനുമുള്ള അവസരമാണ് സമർത്ഥമായ കളിയിലൂടെ ജോസഫിന് കൈവന്നത്.

ജോസഫിന്റെ നിർദ്ദേശം തള്ളി ജോസ് വിഭാഗം അടിയന്തര സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെയും ലീഡറെയും തിരഞ്ഞെടുത്താൽ അത് വിമത നീക്കമായി കണ്ട് അച്ചടക്ക നടപടിയിലെത്തിക്കാൻ ജോസഫിന് കഴിയുമെന്നതിനാൽ എടുത്തുചാട്ടത്തിനൊരുങ്ങാതെ കരുതലോടെയാണ് ജോസ് വിഭാഗം നീങ്ങുന്നത്. അതിനിടെ,​ പി.ജെ. ജോസഫിനെ ചെയർമാനായി തിരഞ്ഞെടുത്തെന്ന് ഇലക്ഷൻ കമ്മിഷന് കത്തു നൽകി എന്ന വാർത്ത വിവാദമായെങ്കിലും ജോസഫ് അത് നിഷേധിച്ചു.

പി.ജെ. ജോസഫ് പറഞ്ഞത്

ചെയർമാൻ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വർക്കിംഗ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് പാർട്ടി പിളർത്താൻ ശ്രമിക്കുന്നത്. രാജി, മരണം, പുറത്താക്കൽ തുടങ്ങിയ കാരണങ്ങളാൽ ചെയർമാൻ സ്ഥാനത്തേക്ക് ഒഴിവുവന്നാൽ അതതു തലത്തിലുള്ള കമ്മിറ്റികൾ ചേർന്ന് സമവായത്തിലെത്തിയ ശേഷം ചെയർമാനെ തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടനയിലുള്ളത്. അല്ലാതെ സംസ്ഥാന കമ്മിറ്റിയിൽ വോട്ടെടുപ്പ് നടത്തിയല്ല. ലീ‌ഡർ മരിച്ചാൽ ഡെപ്യൂട്ടി ലീഡർ ലീഡറാകുമെന്ന് ആർക്കാണ് അറിയാത്തത്. ഇതിന് വിരുദ്ധമായ നടപടിയാണ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്തു നൽകിയതിലൂടെ ചെയ്തത്.

ജോസ് കെ. മാണി പറഞ്ഞത്

കെ.എം.മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ ആരെയും അനുവദിക്കില്ല. സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തുവേണം ചെയർമാനെ തിരഞ്ഞെടുക്കേണ്ടത്. ഇത്തരം നീക്കങ്ങൾ പ്രവർത്തകർ തന്നെ നേരിടും.